സിൽവർ ലൈൻ: ആരും വഴിയാധാരമാവില്ല; യുഡിഎഫിനും കേന്ദ്രത്തിനും ചൈനയ്ക്കും മുഖ്യമന്ത്രിയുടെ വിമർശനം

news image
Jan 14, 2022, 1:44 pm IST payyolionline.in

തിരുവനന്തപുരം: സിൽവർ ലൈനിൽ പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധീരജിനെ വീണ്ടും വീണ്ടും കൊലപ്പെടുത്തുന്ന തരത്തിലാണ് കോൺഗ്രസിന്റെ ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ ശക്തികൾക്കെതിരായ ചൈനയുടെ നിലപാടിനെ വിമർശിച്ച അദ്ദേഹം കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണെന്നും പറഞ്ഞു.

 

 

ചൈനക്കെതിരെ

ഇന്നലെ സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള നടത്തിയ ചൈനീസ് അനുകൂല പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം പുറത്തുവന്നത്. വിദ്യാഭ്യാസം അരോഗ്യം തുടങ്ങിയ രംഗങ്ങളിൽ മിനിമം നിലവാരം പുലർത്താൻ ചൈനക്ക് കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കേന്ദ്രത്തിനെതിരെ

കേന്ദ്രം പിന്തുടരുന്നത് ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നയമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മത ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ വർഗീയവത്കരിക്കാൻ ശ്രമം നടക്കുന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക നയം ഒന്നാണ്. ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ കോൺഗ്രസ് സമരസപ്പെടുന്നു. ബിജെപിയെ ഓരോ സംസ്ഥാനത്തും ഒറ്റപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ശക്തികൾക്കൊപ്പം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

പ്രതിപക്ഷത്തിനെതിരെ

സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെ നിലപാടിനെയാണ് കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചത്. ഇനി ഒരു വികസന പ്രവർത്തനങ്ങളും സംസ്ഥാനത്ത് നടക്കാൻ പാടില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. സിൽവർ ലൈൻ അട്ടിമറിച്ചേ തീരൂ എന്നാണ് വാശി. കെ റെയിലിൽ നൽകുന്നത് ആശ്വാസകരമായ പുനരധിവാസ പാക്കേജാണ്. പദ്ധതി വന്നാൽ ആരും ഭൂരഹിതരാകില്ല. ഒരു കുടുംബവും വഴിയാധാരമാകില്ല. സിപിഎമ്മിനെതിരെ ബിജെപിയും ജമാ അത്തെ ഇസ്ലാമിയും വലിയ പ്രചാരവേല നടത്തുകയാണ്. വികസന പദ്ധതികളെ തകിടം മറിക്കാനാണ് ശ്രമം. സംസ്ഥാനത്തോട് കേന്ദ്രത്തിന് അവഗണനാ സമീപനമാണ്. ഇസ്ലാമിക വർഗീയ വാദികൾ മുഖം മൂടിയണിഞ്ഞ് വരുന്നു. പരിസ്ഥിതി വാദം മാനുഷിക പ്രശ്നങ്ങൾ ഉയർത്തിയാണ് വരുന്നത്. യുഡിഎഫ് വർഗീയ അജണ്ടയോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe