സിൽവർ ലൈൻ  കിഴക്ക് പടിഞ്ഞാറ് രണ്ടായി തിരിച്ച് കോട്ടകെട്ടി ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതി: വി.ഡി സതീശൻ

news image
Oct 17, 2021, 2:02 pm IST

വടകര: കെ- റെയിൽ സിൽവർ ലൈൻ പദ്ധതി പിണറായി സർക്കാരിൻ്റെ അഴിമതി പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കെ.കെ രമ എം.എൽ.എ നയിച്ച ജനകീയ മാർച്ചിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വടകര കോട്ടപ്പറമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനോപകാരപ്രദമായ വികസനങ്ങളെ പിൻതുണക്കും എന്നാൽ അശാസ്ത്രീയമായ സിൽവർ ലൈൻ പദ്ധതിയെ ചെറുത്തു തോൽപിക്കും. കേന്ദ്ര റെയിൽ മന്ത്രാലയത്തിൻ്റെ അനുമതി പോലും ലഭിക്കാതെ ഭൂമി ഏറ്റെടുക്കുന്ന നടപടിയുമായി കേരളാ സർക്കാർ മുന്നോട്ട് പോകുന്നത് ദുരുദ്ദേശപരമാണ്. പദ്ധതിക്ക് എതിരെ നിൽക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് സർക്കാർ. ഈ വിഷയത്തിൽ രാജ്യദ്രോഹിയാകാൻ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരിസ്ഥിതികാഘാതത്തെ കുറിച്ച് പോലും യാതൊരു പഠനവും നടന്നിട്ടില്ലാത്ത പദ്ധതി അഴിമതി ലക്ഷ്യം വച്ചാണ്.

കെ. റെയിൽ വിരുദ്ധ ജനകീയ പദയാത്ര സമാപനം വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

ആയിരങ്ങളെ കുടിയൊഴിപ്പിച്ച് കേരളത്തെ രണ്ടായി പിളർക്കുന്ന ഭ്രാന്തൻ പദ്ധതിയാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു സംസ്ഥാനത്തെ കടക്കെണിയിൽ  ആകുന്ന സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ യുഡിഎഫ് പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ എംഎൽഎ പറഞ്ഞു. കിഴക്ക് പടിഞ്ഞാറ് രണ്ടായി തിരിച്ച് കോട്ടകെട്ടി ജനങ്ങളെ ദ്രോഹിക്കുന്ന ഈ പദ്ധതി സംസ്ഥാനത്തെ ആവാസ വ്യവസ്ഥയെ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാലത്ത് 10ന് മുക്കാളിയിൽ നിന്ന് ആരംഭിച്ച ജനകീയ മാർച്ച് കണ്ണൂക്കര, മടപ്പള്ളി, നാദാപുരം റോഡ്, കൈനാട്ടി, ചോറോട് , പെരുവാട്ടം താഴ, കുളത്തിൻ്റവിട എന്നിവിടങ്ങളിൽ സ്വീകരണങ്ങളേറ്റ് വാങ്ങി 5 മണിയോടെ വടകര കോട്ടപ്പറമ്പിലെത്തി. കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷനായി. കെ.മുരളീധരൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ രമ എം.എൽ.എ, എൻ.വേണു, ടി.ടി ഇസ്മയിൽ, കെ.പ്രവീൺ കുമാർ, എം.സി വടകര, എൻ.പി അബ്ദുല്ല ഹാജി, അഡ്വ. സി.വത്സലൻ, ടി.കെ സിബി എന്നിവർ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഈങ്ങോളി ഷക്കീല,  പ്രദീപ് ചോമ്പാല, പി ബാബുരാജ്, സി . നിജിൻ, കെ ഷഹീർ,   തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe