ന്യൂഡൽഹി: ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ബുധനാഴ്ച രാത്രിയോടെ ഡൽഹിയിലെത്തി. കേന്ദ്ര സർക്കാറിന്റെ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഡൽഹിയിലെത്തിയ സംഘത്തിൽ 367 പേരാണുള്ളത്. ഇതിൽ 19 പേർ മലയാളികളാണ്. സുഡാനിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്ന് തിരിച്ചെത്തിയവർ വ്യക്തമാക്കി. വ്യാഴാഴ്ച കൂടുതൽ ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങൾ കൂടി എത്തും.
മലയാളികൾക്ക് താമസവും ഭക്ഷണവും കേരള ഹൗസിലാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച വിവിധ വിമാനങ്ങളിൽ ഇവരെ നാട്ടിലേക്ക് എത്തിക്കും. കേരളത്തിലേക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ ചിലവില്‍ കേരളത്തിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ ചുമതലപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിന് ശേഷമാണ് സൗദി എയർലൈൻസ് എസ്.വി 3620 പ്രത്യേക വിമാനത്തിൽ 367 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചത്. നേവിയുടെ ഐ.എൻ.എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്.
കേന്ദ്രമന്ത്രി വി. മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും വ്യോമസേനയുടെ മൂന്ന് വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നത്.