തൃശൂർ: സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. സേഫ് സ്ട്രോങ്ങ് കമ്പനിയുടെ ഡയറക്ടർമാരായ പ്രജിത്ത് മോഹനൻ, മനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരിൽ നിന്ന് മുന്നൂറ് കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. തൃശൂർ ക്രൈം ബ്രാഞ്ച് സാമ്പത്തിക വിഭാഗം ഡിവൈഎസ്പി ടി. ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജനുവരിയിൽ അറസ്റ്റിലായ പ്രവീണ്‍ റാണ ജയിലിലാണ്.
തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ കോയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ ഫ്ലൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരുവിലും പുണെയിലുമുളള ഡാൻസ് ബാറുകൾ, ഇങ്ങനെ നിരവധിയനവധിപ്പദ്ധതികളിൽ താൻ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തിൽ രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീൺ റാണ സ്വീകരിച്ച നിക്ഷേപം.