കോട്ടയം: സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി പൊലീസ്. നാൽപതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും പ്രതിയായ അരുൺ വിദ്യാധരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
തമിഴ്നാട് കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്. ആതിരയ്ക്കെതിരെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുൺ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും അരുൺ ഒളിവിൽ പോയി. തിങ്കളാഴ്ച ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെയാണ് പൊലീസ് അന്വേഷണം പ്രതിസന്ധിയിലായത്.