സ്കൂളിൽ ആൺ, പെൺ വ്യത്യാസമില്ലാത്ത ഇരിപ്പിടം: വിദ്യാഭ്യാസ വകുപ്പ് ചർച്ചക്ക്

news image
Jul 27, 2022, 9:44 am IST payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിന്‍റെ സാധ്യത പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ചർച്ച ചെയ്യുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സംബന്ധിച്ച് സമൂഹ ചർച്ചക്ക് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ കരട് കുറിപ്പിലാണ് ഇത് ഉൾപ്പെടുത്തിയത്. ഇതിൽ അഭിപ്രായമറിയിക്കാൻ ചൊവ്വാഴ്ച ചേർന്ന കരിക്കുലം കോർ കമ്മിറ്റി യോഗത്തിൽ അംഗങ്ങളോട് നിർദേശിച്ചു.

 

 

പാഠ്യപദ്ധതി പരിഷ്കരണത്തിൽ പരിഗണിക്കേണ്ട 25 വിഷയ മേഖലകൾ സംബന്ധിച്ച കുറിപ്പിലാണ് ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രത്യേകം ചർച്ചക്കുവെച്ചത്. ലിംഗഭേദമില്ലാത്ത യൂനിഫോം, സ്കൂളുകൾ മിക്സഡ് ആക്കി മാറ്റൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നത് ചർച്ചയായതിനു പിന്നാലെയാണ് പുതിയ നടപടി. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ് മുറികളിൽ സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന ചോദ്യം കരട് രേഖയിൽ മുന്നോട്ടുവെക്കുന്നു.

ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്‍റെ പൊതുബോധം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ചർച്ചക്ക് നൽകിയ കുറിപ്പിൽ പറയുന്നു. 25 വിഷയ മേഖലകളിൽ കരിക്കുലം കോർ കമ്മിറ്റി അംഗങ്ങൾ സമർപ്പിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ കരട് തയാറാക്കും. കരട് ചട്ടക്കൂട് ജില്ല, േബ്ലാക്ക്, പഞ്ചായത്ത്/ മുനിസിപ്പൽ, സ്കൂൾതല ചർച്ചക്കായി നൽകും. ഇതിനു ശേഷമായിരിക്കും അന്തിമ പാഠ്യപദ്ധതി ചട്ടക്കൂടിന് കരിക്കുലം കോർ കമ്മിറ്റി അംഗീകാരം നൽകുക. കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും സർക്കാറും അംഗീകാരം നൽകുന്നതോടെ പാഠ്യപദ്ധതി ചട്ടക്കൂട് അധിഷ്ഠിതമായ പാഠപുസ്തക പരിഷ്കരണത്തിലേക്ക് പ്രവേശിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe