ബോളിവുഡിന്റെ പ്രിയ താരമാണ് സൽമാൻ ഖാൻ. പലപ്പോഴും സൽമാൻ നടത്തുന്ന പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. ഷൂട്ടിങ് സെറ്റുകളില്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് നടി പലിക് തിവാരിയോട് സൽമാൻ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.
ആപ് കി അദാലത്ത് ഷോയില്‍ രജത് ശര്‍മയോട് സംസാരിക്കുക ആയിരുന്നു സൽമാൻ. ഷര്‍ട്ട് അഴിച്ചുമാറ്റി സിനിമകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് എതിരെ ഇത്തരം നിലപാടെടുക്കുന്നത് ഇരട്ടത്താപ്പല്ലെ എന്നായിരുന്നു ചോദ്യം. “അത് ഇരട്ടത്താപ്പില്ല. മാന്യമായ ഒരു സിനിമ ചെയ്യുമ്പോൾ എല്ലാവരും അത് കുടുംബത്തോടൊപ്പം കാണും. സ്ത്രീ ശരീരം അമൂല്യം ആണ്. അത് മൂടി വയ്ക്കുന്നതാണ് നല്ലത്, എനിക്ക് അത് നന്നായി തോന്നുന്നു. പ്രശ്നം സ്ത്രീകളുടേതല്ല, പുരുഷന്മാരുടേതാണ്. പുരുഷന്മാർ സ്ത്രീകളെ നോക്കുന്ന രീതി, നിങ്ങളുടെ സഹോദരി, നിങ്ങളുടെ ഭാര്യ, നിങ്ങളുടെ അമ്മ. എനിക്കത് ഇഷ്ടമല്ല”, എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്.
കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രമാണ് സൽമാൻ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തില്‍ വെങ്കടേഷ്, ഭൂമിക ചൗള, ജഗപതി ബാബു, രാഘവ് ജുയല്‍, ജാസി ഗില്‍, സിദ്ധാര്‍ഥ് നിഗം, ഷെഹ്നാസ് ഗില്‍, പാലക് തിവാരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലും സല്‍മാന്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.