സ്വത്ത് തട്ടിയെടുക്കാന്‍ 75കാരിയെ ചങ്ങലയ്ക്കിട്ടു തല്ലി; സഹോദരഭാര്യയും മകളും അറസ്റ്റിൽ

news image
Jan 13, 2023, 11:16 am GMT+0000 payyolionline.in

തൃശൂര്‍∙ ചാഴൂരില്‍ എഴുപത്തിയ‍ഞ്ചുകാരിയെ ചങ്ങലയ്ക്കിട്ടു മര്‍ദിച്ചു. ചാഴൂര്‍ സ്വദേശിനി അമ്മിണിയാണു മര്‍ദനത്തിനിരയായത്. വീട്ടുവളപ്പിലെ തൊഴുത്തിലാണു ചങ്ങലയ്ക്കിട്ടതെന്നു പൊലീസ് പറയുന്നു. സംഭവത്തില്‍ സഹോദരന്റെ ഭാര്യയും മകളും അറസ്റ്റിലായി. ക്രൂരമര്‍ദനം പത്തു സെന്റ് ഭൂമിയും പുരയിടവും തട്ടിയെടുക്കാനാണെന്നാണ് വിവരം. പരുക്കേറ്റ അമ്മിണിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.

ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂരമർദനം. അമ്മിണിയുടെ പേരിലുള്ള വസ്തു അവരുടെ പേരിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് വീടിനുപിന്നിലായി മേൽക്കൂര തകർന്ന തൊഴുത്തിൽ ചങ്ങലയ്ക്കിട്ടാണ് മർദിച്ചതെന്ന് പൊലീസ് പറയുന്നു. അവശനിലയിലായ അമ്മിണിയെ അന്തിക്കാട് പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റി.

നാട്ടുകാരാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ബന്ദിയാക്കിയതിനും മർദിച്ചതിനും ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അമ്മിണിയുടെ സഹോദരന്റെ ഭാര്യ ഭവാനിയും മകൾ കിനിയയുമാണ് അറസ്റ്റിലായത്. ഇവർ രണ്ടുപേരും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മിണി അവിവാഹിതയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe