സ്വയം പര്യാപ്തതയുടെ പാതയിലേക്ക് സഹകരണ കാര്‍ഷിക വികസന ബാങ്ക്

news image
Nov 25, 2013, 9:37 pm IST payyolionline.in
തിരുവനന്തപുരം:കേരളത്തിലെ കര്‍ഷകന്‍റെ താങ്ങും തണലുമായി മാറിയ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് സ്വയംപര്യാപ്തതയുടെ പാതയും കീഴടക്കുന്നു. ഓരോ വര്‍ഷം പിന്നിടുമ്പോഴും വളര്‍ച്ചയുടെ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുന്ന ഈ പ്രസ്ഥാനം കാര്‍ഷിക രംഗത്തിനു പുറമേ കാര്‍ഷികേതര, വ്യവസായ മേഖലകളിലും വെന്നിക്കൊടി പാറിക്കുകയാണ്. മറ്റു ബാങ്കുകളെ പോലെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ബാങ്കിങ് സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെയാണ് ഈ സഹകരണ സ്ഥാപനം സ്വയംപര്യാപ്തത കൈവരിക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പ് ബാങ്കിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത സോളമന്‍ അലക്സ് വരുന്ന ജനുവരിയില്‍ സ്ഥാനമൊഴിയുമ്പോള്‍, ഈ കാലയളവില്‍ കര്‍ഷകന്‍റെ സ്വന്തം സഹകരണ സ്ഥാപനം വളര്‍ച്ചയുടെ പുതിയ നാള്‍വഴികള്‍ പിന്നിട്ടതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ്. തന്‍റെ ഭരണകാലത്തെ വികസന പ്രവര്‍ത്തനങ്ങളെയും ബാങ്കിന്‍റെ പുതിയ പദ്ധതികളെയും കുറിച്ച് അദ്ദേഹം മനസു തുറക്കുന്നു.

ഗ്രാമങ്ങളിലെ കര്‍ഷകനെ സഹായിക്കുന്നതിനായി ആരംഭിച്ച ഈ സഹകരണ സ്ഥാപനം ഇപ്പോള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു. കാര്‍ഷിക ആവശ്യത്തിനുപരി കാര്‍ഷികേതര മേഖലകളിലും ഈ സ്ഥാപനം ചുവടുറപ്പിച്ചു കഴിഞ്ഞെന്ന് സോളമന്‍ അലക്സ്. മറ്റു ബാങ്കുകളെ അപേക്ഷിച്ച് ദീര്‍ഘകാല വായ്പ കുറഞ്ഞ പലിശയില്‍ എന്നതു തന്നെയാണ് കാര്‍ഷിക വികസന ബാങ്കിന്‍റെ പ്രത്യേകതയും ആകര്‍ഷണവും. നബാര്‍ഡില്‍ നിന്നാണ് ബാങ്കിന് ആവശ്യമായ പണം വായ്പയായി വാങ്ങുന്നത്. നബാര്‍ഡിനു നല്‍കേണ്ട പലിശയും പിന്നീട് നാമമാത്രമായ പലിശയും മാത്രമാണ് കര്‍ഷകനില്‍ നിന്ന് ഈടാക്കുന്നത്. ഭൂമി പണയത്തിലാണ് പ്രധാനമായും വായ്പ അനുവദിക്കുന്നതെങ്കിലും മറ്റ് ഈടുകളിലും കര്‍ഷകനു വായ്പ ലഭ്യമാണ്. ഇപ്പോള്‍ വ്യവസായിക ആവശ്യത്തിനായി 5,000 മുതല്‍ 50 ലക്ഷം രൂപ വരെ ഈ സ്ഥാപനം വായ്പ ലഭ്യമാക്കുന്നുണ്ട്. കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നത് ഒരു പരിധി വരെ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും കൃത്യമായ പ്രവര്‍ത്തിനത്തിലൂടെ സ്ഥാപനത്തിന്‍റെ ലാഭവിഹിതത്തില്‍ വര്‍ധനയാണുണ്ടാകുന്നത്.

കര്‍ഷകനെ സഹായിക്കാനായി രൂപം കൊണ്ട നബാര്‍ഡില്‍ നിന്നുള്ള സഹായം ഗണ്യമായി കുറയുന്നത് മുന്നില്‍ കണ്ടാണ് കാര്‍ഷിക വികസന ബാങ്ക് സ്വയംപര്യാപത എന്ന ആശയത്തിലേക്ക് മാറിയത്. മറ്റു ബാങ്കുകളെ പോലെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള പദ്ധതിക്ക് തുടക്കമായതും കഴിഞ്ഞ വര്‍ഷമാണ്. എടിഎം അടക്കമുള്ള നൂതന സംവിധാനങ്ങളും പ്രാവര്‍ത്തികമാകുകയാണ്. പ്രാഥമിക ബാങ്കുകള്‍ വഴി നടത്തിയ നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ കഴിഞ്ഞ വര്‍ഷം 147 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്. വരുന്ന ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ വീണ്ടും നിക്ഷേപ സമാഹരണത്തിനൊരുങ്ങുകയാണ് ബാങ്ക്. ഈ വര്‍ഷം 250 കോടി രൂപയാണ് തങ്ങളുടെ ലക്ഷ്യമെന്നും സോളമന്‍ അലക്സ്. 63 താലൂക്ക് അടിസ്ഥാനത്തിലുള്ള ബാങ്കുകളും പ്രാഥമിക ബാങ്കുകളും ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന 600ലധികം ശാഖകളിലൂടെയാണ് കാര്‍ഷിക സഹകരണ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുന്നത്.

നബാര്‍ഡില്‍ നിന്നു ലഭ്യമാകുന്ന വായ്പയക്ക് 10.5% പലിശ ഈടാക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അത് 10.1% ആക്കി കുറക്കാന്‍ സാധിച്ചു. ബാങ്കിന്‍റെ ചുരങ്ങിയ പലിശയും ചേര്‍ത്ത് 13.75% നിരക്കിലാണ് ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍ അനുവദിക്കുന്നത്. ഹ്രസ്വകാല വായ്പകള്‍ക്ക് ആകട്ടെ 7% മാത്രമാണ് പലിശ. ഇതു വര്‍ഷാവര്‍ഷം അടയ്ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സബ്സിഡിയും ലഭ്യമാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലം അടുത്തിടെയാണ് ഹ്രസ്വകാല വായ്പകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരുന്നുണ്ടെന്നും സോളമന്‍ അലക്സ്.

ചെറുകിട വ്യവസായങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വായ്പ നല്‍കുന്നതു കൂടാടെ, അടുത്തിടെയായി ജനങ്ങക്ക് ഏറ്റവും അധികം പ്രയോജനകരമായത് ഭവന നിര്‍മാണത്തിന് അനുവദിക്കുന്ന വായ്പയാണ്. ലഘുവായ നടപടി ക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ ബാങ്ക് ഇപ്പോള്‍ ഹോംലോണ്‍ അനുവദിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ഏറെ നടപടികള്‍ സ്വീകരിച്ചു. 125 കോടി രൂപലധികമുള്ള ബാധ്യതയാണ് ഈ സര്‍ക്കാര്‍ എഴുതി തള്ളിയത്. കൂടാതെ, വായ്പ ലഭിക്കാന്‍ വേണ്ടിയിരുന്ന നിരവധി നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ഏത്രയും വേഗം കര്‍ഷകന് വായപ ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ 1265 കോടി രൂപ വായ്പ നല്‍കി 42.04% വളര്‍ച്ചാ നിരക്കാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്ഥാപനത്തിന് കൈവരിക്കാനായത്. 2010-11 കാലയളവില്‍ 890.57 കോടി രൂപായായിരുന്നു വായ്പ ഇനത്തില്‍ അനുവദിച്ചത്. 2011-12 അനുവദിച്ച വായ്പയില്‍ 43.96% ഭവന നിര്‍മാണത്തിനായാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 40.53% ആയിരുന്നു. 2010-11ല്‍ 1720.40 ലക്ഷം രൂപ കാര്‍ഷിക വികസന ബാങ്കിന്‍റെ ലാഭമായിരുന്നെങ്കില്‍ 2011-12ല്‍ 17% വര്‍ധിച്ച് 2016.60 ലക്ഷമായി. ജീവനക്കാരുടെ കാര്യക്ഷമത കഴിഞ്ഞ വര്‍ഷത്തെ 631.53 ലക്ഷത്തില്‍ നിന്ന് 810.44 ലക്ഷമായി വര്‍ധിച്ച് 28.33 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ബാങ്കിന്‍റെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട് ചുരുക്കം ചില പ്രാഥമിക ബാങ്കുകളിലൊഴിച്ച് എല്ലായിടത്തും കംപ്യൂട്ടര്‍ വത്കരണം നടപ്പാക്കി കഴിഞ്ഞു. 1% മാത്രം കുടിശിക രേഖപ്പെടുത്തിയിട്ടുള്ള തൃശൂരിലെ ഇരിഞ്ഞാലക്കുട കാര്‍ഷിക സഹകരണ ബാങ്കാണ് സംസ്ഥാനത്തെ ശാഖകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതെന്നും സോളമന്‍ അലക്സ്.

പാര്‍ട്ടി അനുവദിച്ചാല്‍ അടുത്തവര്‍ഷാദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന വിശ്വാസത്തിലാണ് നെയ്യാറ്റിന്‍കര സ്വദേശിയായ സോളമന്‍ അലക്സ്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് സാധ്യമാക്കിയ വികസനപ്രവര്‍ത്തനങ്ങളും കര്‍ഷക സഹായ പദ്ധതികളുംവരും വര്‍ഷങ്ങളില്‍ നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ചാല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ലളിതയാണ് സോളമന്‍ അലക്സിന്‍റെ ഭാര്യ. നിനോ അലക്സ്, നീതു അലക്സ് എന്നിവര്‍ മക്കളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe