ജനീവ, ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്തെ വിവിധ ബാങ്കുകളില്‍ വിദേശീയര്‍ക്കുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ അതതു രാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്നു സ്വിറ്റ്സര്‍ലന്‍ഡ് പ്രഖ്യാപിച്ചു. ഇതോടെ സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകളെപ്പറ്റിയുള്ള രഹസ്യങ്ങള്‍ പുറത്താകാന്‍ വഴിയൊരുങ്ങുകയാണ്. സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നുവെന്നു കരുതുന്ന കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യത്തിന് ലഭിച്ച അനുകൂല പ്രതികരണമാണിത്. ഈ നീക്കം സ്വിസ് ബാങ്കുകളെ സംബന്ധിച്ച രഹസ്യവാതിലുകള്‍ ഫലത്തില്‍ ഇല്ലാതാക്കും.
എല്ലാത്തരത്തിലുമുള്ള പരസ്പര സഹകരണത്തിലൂടെ ആവശ്യപ്പെടുന്ന പക്ഷം നികുതി വിവരങ്ങള്‍ കൈമാറാനും വിദേശത്തു നികുതി പരിശോധന നടത്താനും, നികുതി ശേഖരണത്തില്‍ സഹായിക്കാനും സ്വിറ്റ്സര്‍ലന്‍ഡിന്റെ നിലപാട് സഹായകമാകും. വിവിധ രാജ്യങ്ങളുമായി നികുതി സംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറുന്നതിനു കരാര്‍ കഴിഞ്ഞദിവസം ഒപ്പുവച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം സ്വിറ്റ്സര്‍ലന്‍ഡ് പ്രഖ്യാപിച്ചത്.
പുതിയ കരാറനുസരിച്ച് വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി കൈമാറപ്പെടും. സ്വിസ് ബാങ്കുകളില്‍ വിവിധ രാജ്യങ്ങളിലെ പൗരന്മാര് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ വിവരം അറിയാന്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ വളരെ വര്‍ഷങ്ങളായി ശ്രമിച്ചുവരുകയായിരുന്നു. കോടിക്കണക്കിനു രൂപയുടെ അനധികൃത നിക്ഷേപമാണു സ്വിസ് ബാങ്കുകളിലുള്ളത്. സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ ആണ് ഈ വിവരം അറിയിച്ചത്.