സ്വർണക്കടത്ത് കേസ്; പൊലീസിന് തിരിച്ചടി, അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

news image
Jul 26, 2022, 9:05 pm IST payyolionline.in

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡ്വസൈറി ബോർഡിന്‍റേതാണ് നടപടി.  2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നല്‍കിയ  അപ്പീൽ പരിഗണിച്ചാണ് നടപടി. 2017 ന് ശേഷം  അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘർഷങ്ങളിൽ  പ്രതിസ്ഥനാനത്തുണ്ടായിരുന്ന  ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജ്ജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടിസുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു.

ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കി. കരിപ്പൂരിൽ ഇങ്ങനെയൊരു ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷമാണ് അർജുൻ ആയങ്കി കസ്റ്റംസിന്‍റെ പിടിയിലായത്. 2021 ജൂൺ 28 അറസ്റ്റിലായ അ‍ർജുൻ ആയങ്കി ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും മെയ് മാസം ആദ്യം ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ  കമ്മീഷണർ  ശുപാർശ നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe