ഹജ്ജ്; ഇന്ത്യൻ തീർഥാടകരുടെ മടക്കം ജൂൺ 22 മുതൽ

news image
Jun 19, 2024, 2:45 pm GMT+0000 payyolionline.in

റിയാദ്: ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരുടെ സ്വദേശങ്ങളിലേക്കുള്ള മടക്കം ഈ മാസം 22ന് ആരംഭിക്കും. ഇവരിൽ പകുതിയിലധികം തീർഥാടകർ ദുൽഹജ്ജ് 12 ലെ കല്ലേറു കർമം പൂർത്തിയാക്കി ചൊവ്വാഴ്ച തന്നെ മിനയിൽനിന്ന് മക്ക അസീസിയയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച്ച രാത്രി മിനയിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിയുള്ള മുഴുവൻ തീർഥാടകരും ബുധനാഴ്ച വൈകുന്നേരത്തോടെ അസീസിയയിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തും. തിരക്ക് ഒഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഒരോ സർവിസ് കമ്പനിക്കും മിനയിൽ നിന്ന് മടങ്ങുന്നതിന് പ്രത്യേകം സമയം അനുവദിച്ചിരുന്നു.

ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് ഹാജിമാരെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചത്. ചുരുക്കം ഹാജിമാർ ചൊവ്വാഴ്ച കാൽനടയായി റൂമുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിലേക്ക് കാൽനടയായി മടങ്ങുന്ന ഹാജിമാർക്ക് വഴി കാണിക്കാനായി മലയാളി സന്നദ്ധ സേവന സംഘങ്ങൾ മിനയിലെ വിവിധ വഴികളിൽ തമ്പടിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ മലയാളി ഹാജിമാർ അധികവും ബുധനാഴ്ച കൂടി കല്ലേറ് കർമം പൂർത്തിയാക്കിയാവും മടങ്ങുക. ഹജ്ജിലെ ത്വവാഫും സഫ മർവ കുന്നുകൾക്കിടയിലെ പ്രയാണവും നേരത്തെ പൂർത്തീകരിക്കാത്ത മലയാളി തീർഥാടകർ ചൊവ്വാഴ്ച താമസസ്ഥലങ്ങളിൽ തിരിച്ചെത്തിയതിനുശേഷം അത് നിർവഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe