ഹജ്ജ് നിയമലംഘനങ്ങൾക്ക് പരിഷ്കരിച്ച ശിക്ഷ നടപടികൾ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം

news image
Jan 7, 2022, 8:01 pm IST payyolionline.in

ജിദ്ദ: ഹജ്ജ് കർമ സമയത്തെ നിയമലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച ശിക്ഷ നടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വിവിധ നിയമലംഘനങ്ങൾ നടത്തുന്നവർക്ക് തടവ്, കനത്ത പിഴ, നാടുകടത്തൽ തുടങ്ങിയ ശിക്ഷകളുണ്ടാവും. സ്വദേശികൾ, ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ, വിദേശികൾ തുടങ്ങിയവർക്ക് വിത്യസ്ത ശിക്ഷാ വിധികളാണ് നടപ്പാക്കുക. സ്വദേശികൾക്കും ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കുമുള്ള ശിക്ഷ നടപടികൾ ഇങ്ങിനെയാണ്‌:

ഹജ്ജ് കർമ പ്രദേശങ്ങളായ മിന , മുസ്ദലിഫ , അറഫ തുടങ്ങിയ സ്ഥലങ്ങളിൽ അധികൃതരുടെ അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്ക് 15,000 റിയാൽ പിഴ ചുമത്തും. മക്ക, മസ്ജിദുൽ ഹറാം, മറ്റു പുണ്യ സ്ഥലങ്ങൾ, റുസൈഫയിലെ രണ്ട് ഹറമൈൻ ട്രെയിൻ സ്റ്റേഷനുകൾ എന്നിവയിൽ ഹജ്ജ് സമയത്ത്പ്രവേശിച്ചാൽ 10,000 റിയാൽ പിഴ ചുമത്തും. ഈ രണ്ട് നിയമ ലംഘനങ്ങളുമായും ബന്ധപ്പെട്ട പിഴകൾ ഓരോ വർഷവും ദുൽഖഅദ് 28 മുതൽ നടപ്പാക്കും.

നിയമലംഘനം പിടിക്കപ്പെട്ട വർഷം അദ്ദേഹം ഹജ്ജ് കർമം നടത്തിയതായി കണക്കാക്കും. ഇതേ കുറ്റം ആവർത്തിച്ചാൽ പിഴകൾ ഇരട്ടിയാക്കും. ലംഘനങ്ങൾ മൂന്നാം തവണയും ആവർത്തിച്ചു പിടിക്കപ്പെട്ടാൽ അത്തരക്കാരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ഒന്ന് മുതൽ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.

ഹജ്ജ് അനുമതി പത്രം (തസ്‌രീഹ്) ഇല്ലാത്ത തീർഥാടകരെ പുണ്യസ്ഥലത്ത് കൊണ്ടുപോകുന്നവർക്ക് 50,000 റിയാൽ വരെ പിഴ ലഭിക്കും. വാഹനത്തിലുള്ള ആളുകളുടെ എണ്ണത്തിനനുസരിച്ച് പിഴ വർധിക്കും. ഇവർക്ക് ആറ് മാസം വരെ തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

മറ്റു രാജ്യക്കാർക്കുള്ള ശിക്ഷാ നടപടികൾ:

മക്ക താമസക്കാരോ ഹജ്ജ് സീസണിൽ അംഗീകൃത ബിസിനസ്സ് നടത്തുന്നവരോ ഒഴികെയുള്ള വിദേശികൾക്ക് ശവ്വാൽ 25 മുതൽ മക്കയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും. എന്നാൽ വാണിജ്യ, തൊഴിൽ ആവശ്യങ്ങൾക്ക് ഈ സമയങ്ങളിൽ മക്കയിൽ പ്രവേശനം ആവശ്യമുള്ളവർ സൗദി പാസ്പോർട്ട് വിഭാഗത്തിൽ (ജവാസാത്ത്) നിന്ന് പ്രത്യേകം അനുമതി പത്രം നേടിയിരിക്കണം. ഇങ്ങിനെ അല്ലാതെ മക്കയിൽ പ്രവേശിച്ച് നിയമലംഘനത്തിന് പിടിക്കപ്പെട്ടാൽ അത്തരക്കാരെ പ്രവേശന വിലക്കോടെ നാടുകടത്തും. ആഭ്യന്തര മന്ത്രിയുടെ തീരുമാനമനുസരിച്ചുള്ള നിശ്ചിത കാലം ഇവർക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe