ഹിസ്‌ബുല്ല ‘കണ്ണി’ മുറിഞ്ഞു, വിമതസേനയ്ക്ക് ബന്ധം അൽ ഖായിദയുമായി; റഷ്യയ്ക്കും തിരിച്ചടി; സിറിയയിൽ ഇനിയെന്ത്?

news image
Dec 8, 2024, 2:22 pm GMT+0000 payyolionline.in

ഡമാസ്‌കസ്: പ്രസിഡന്റ് ബഷാർ അൽ അസദ് ഭരണകൂടത്തിന്റെ പെട്ടെന്നുള്ള പതനം ഒരു ഇടവേളയ്ക്കു ശേഷം സിറിയയിൽ വീണ്ടും അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഹയാത്ത് തഹ്‌രീർ അൽ ഷംസ് (എച്ച്ടിഎസ്) സംഘടനയുടെ നേതൃത്വത്തിലുള്ള വിമതസേനയുടെ ആക്രമണത്തിലാണ് ശക്തമായ ഭരണകൂടം തകർന്നുവീണത്. മുൻപ് അൽ–നുസ്റ സഖ്യം എന്നറിയപ്പെട്ടിരുന്ന എച്ച്‌ടിഎസിന് ഭീകരസംഘടനായ അൽ ഖായിദയുമായി ഉൾപ്പെടെ ബന്ധമുണ്ട്.  ഏകദേശം മൂന്നു പതിറ്റാണ്ടോളം സിറിയ ഭരിച്ച പിതാവ് ഹഫീസ് അൽ അസദിന്റെ പിൻഗാമിയായി 2000 ത്തിലാണ് ബഷാർ അൽ അസദ് അധികാരത്തിൽ വന്നത്. ബഷാർ ഭരണകൂടം തുടക്കത്തിൽ സിറിയയിൽ നവീകരണത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിതാവിന്റെ അതേ പാത മകനും തുടർന്നതതോടെ ആ മോഹങ്ങൾ വെറുതെയായി.

2011ൽ സിറിയയിലുണ്ടായ ആഭ്യന്തരകലാപത്തിൽ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അറുപതു ലക്ഷത്തോളം ആളുകൾ അഭയാർഥികളായി, എണ്ണമറ്റ ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു. അന്ന് ബഷാർ ഭരണകൂടത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയാണ് അദ്ദേഹം അതിജീവിച്ചത്. റഷ്യൻ വ്യോമസേനയെയും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെയും സഹായം ബഷാർ തേടി. എന്നാൽ ഇന്ന് യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയും ഇസ്രയേലുമായുള്ള പോരാട്ടത്തിൽ ഇറാനും വ്യാപൃതരായതിനാൽ അവരുടെ സഹായം തേടാൻ ബഷാറിനു സാധിച്ചില്ല. അലപ്പോ, ഹമ, ഹുംസ് പ്രവിശ്യകൾ ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുക്കാൻ വിമതരെ സഹായിച്ചത് ഇതാണ്. അധികം വൈകാതെ തലസ്ഥാനമായ ഡമാസ്കസും വിമതസേന കയ്യടക്കി.

∙ ഭരണമാറ്റം

ഇപ്പോൾ തന്റെ യഥാർഥ പേരായ അഹമ്മദ് അൽ–ഷറ എന്നറിയപ്പെടുന്ന വിമത നേതാവ് അബു മുഹമ്മദ് അൽ-ഗോലാനി അധികാര കൈമാറ്റത്തിനായി താൽക്കാലിക സംവിധാനം ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലിയെ സർക്കാർ സ്ഥാപനങ്ങളുടെ കെയർടേക്കറായി നിയമിക്കുകയും ചെയ്തു. സിറിയൻ ജനത തിരഞ്ഞെടുക്കുന്ന ഏതു നേതൃത്വവുമായും സഹകരിക്കാൻ തയാറാണെന്ന് അൽ ജലാലി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ഭീകരസംഘടനായ അൽ ഖായിദയുമായി എച്ച്ടിഎസിനുള്ള ബന്ധം, വിമതസേനയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ബഷാർ ഭരണകൂടത്തിന്റെ വീഴ്ചയോടെ സിറിയയിൽ വീണ്ടും സമാധാനം വിളയാടും എന്ന പ്രതീക്ഷിക്കാൻ പ്രയാസമാണ്. തീവ്രസംഘടനകളുമായി എച്ച്‌ടിഎസിനുള്ള ബന്ധം തന്നെയാണ് അതിനുള്ള പ്രധാനകാരണം. രാജ്യത്തിനകത്തും പുറത്തും കുടിയൊഴിപ്പിക്കപ്പെട്ട ദശലക്ഷക്കണക്കിന് സിറിയക്കാർ പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെയും ഭയത്തോടെയുമാണ് വീക്ഷിക്കുന്നത്. തീർത്തും അനിശ്ചിതാവസ്ഥ തന്നെ.

∙ റഷ്യയ്ക്കും ഇറാനും തിരിച്ചടി

ബഷാർ അൽ അസദിന്റെ പതനം മധ്യപൂർവ ദേശത്ത് റഷ്യൻ സ്വാധീനത്തിനുള്ള തിരിച്ചടിയാണ്. 2015 മുതൽ സിറിയയ്ക്ക് ഉറച്ച് പിന്തുണയാണ് റഷ്യ നൽകുന്നത്. ടാർടസ് നാവിക സൗകര്യം, ലതാകിയയിലെ ഹ്മെയിമിം എയർബേസ് തുടങ്ങിയ തന്ത്രപ്രധാനമായ പലതും റഷ്യയ്ക്ക് ഇവിടെയുണ്ട്. മെഡിറ്ററേനിയൻ കടലിലൂടെയും ആഫ്രിക്കയിലേക്കും ചരക്കുനീക്കത്തിനും ഇവ പ്രധാനമാണ്. റഷ്യയുടെ സൈനിക ശ്രദ്ധ നിലവിൽ യുക്രെയ്ൻ യുദ്ധത്തിലാണ്. എങ്കിലും സിറിയയുടെ മേലിലുള്ള ആധിപത്യം നഷ്ടപ്പെട്ടത് റഷ്യയുടെ നയതന്ത്ര വീഴ്ചയായി വിലയിരുത്തപ്പെട്ടേക്കും.

ഇറാനെ സംബന്ധിച്ചിടത്തോളം, ബഷാർ അൽ അസദിന്റെ പതനം സിറിയയിലൂടെ ലെബനനിലെ ഹിസ്ബുല്ലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് മുറിഞ്ഞത്. ആയുധങ്ങൾ കൈമാറുന്നതിനും മേഖലയിൽ സ്വാധീനം ചെലുത്തുന്നതിനും ഈ ശൃംഖല നിർണായകമാണ്. ഇസ്രയേലുമായുള്ള സമീപകാല സംഘർഷത്തെ തുടർന്ന ഹിസ്‌ബുല്ല ദുർബലമായതിനാൽ, ടെഹ്‌റാന്റെ യുദ്ധതന്ത്രത്തിന് മറ്റൊരു സമീപനം ആവശ്യമാണ്. ഇസ്രയേലുമായുള്ള പോരാട്ടത്തിൽ മുൻകരുതൽ ആവശ്യമുള്ളതിനാൽ സിറിയയിൽ ഇടപെടുന്നതിന് ഇറാനു പരിമിതികളുണ്ട്.

∙ ജാഗ്രതയോടെ ഇസ്രയേ

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം, ബഷാർ അൽ അസദ് ഭരണത്തിന്റെ തകർച്ച ഒരേസമയം അവസരങ്ങളുടെയും അപകടസാധ്യതകളുടെയുമാണ്. ഹിസ്‌ബുല്ലയുടെ പ്രധാന വിതരണ ശൃംഖലയായ സിറിയ വീണത് ഇസ്രയേലിനു ഗുണകരമാണ്. അതേസമയം എച്ച്ടിഎസ് ശക്തിപ്രാപിക്കുന്നത് മേഖലയിൽ ഇസ്രയേലിനു കൂടുതൽ വെല്ലുവിളിയാകും. ഗോലാൻ കുന്നുകളിൽ ഇസ്രയേൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. സിറിയൻ സേനയുടെ ആയുധശേഖരം വിമതർ പിടിച്ചെടുക്കുന്നത് തടയാനാണ് ഇസ്രയേലിന്റെ ശ്രമം. അരാജകത്വം മുതലെടുത്ത് നൂതന ആയുധങ്ങൾ സ്വന്തമാക്കാൻ ഇറാനും ഹിസ്ബുല്ലയുടെ നടത്തുന്ന ശ്രമങ്ങളിലും  ഇസ്രയേൽ സൈന്യം ജാഗ്രത പുലർത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe