ഹൈക്കോടതി ‘വടിയെടുത്തു’; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവകേരള സദസ് വേദി മാറ്റി സര്‍ക്കാര്‍

news image
Dec 1, 2023, 9:58 am GMT+0000 payyolionline.in

കൊച്ചി: തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്‍റെ വേദി മാറ്റി സര്‍ക്കാര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ പുതിയ വേദിയിലേക്ക് മാറ്റുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നും വേദി മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.

പുത്തൂർ സുവോളജിക്കൽ പാർക്ക് നവകേരള സദസിനായി അനുവദിച്ചതെന്തിനെന്ന് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു . പാർക്കിന്റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാർക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാർക്ക് ഡയറക്ടർ മറുപടി നൽകി.

പുത്തൂർ സുവോളജിക്കൽ പാർക്കിൽ 24 പക്ഷികളും 2 കടുവയുമുണ്ട്. അതിനെ സംരക്ഷിത മേഖലയിലാണ് പാർപ്പിച്ചിരിക്കുന്നത്. പരിപാടി നടക്കുന്നത് പാർക്കിംഗ് ഏരിയയിലാണെന്നും പാർക്ക് ഡയറക്ടർ  കീർത്തി ഐഎഫ്എസ് ഹൈക്കോടതിയെ അറിയിച്ചു. പാർക്കുമായി ബന്ധപ്പെട്ട രേഖകളും മാപ്പും കോടതി പരിശോധിച്ചു. തുടര്‍ന്ന് സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വാക്കാൽ പരാമര്‍ശിക്കുകയും ചെയ്തു. ഇതോടെ കോടതി അനുവദിക്കില്ലെങ്കിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലെ നവ കേരള സദസ് വേദി മാറ്റാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതിനുശേഷം ഉച്ചയ്ക്ക് 1.45ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് വേദി മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe