ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീനയും പ്രതാപനും ഇന്ന് ഇഡി ഓഫീസിൽ കീഴടങ്ങിയേക്കും

news image
Feb 19, 2024, 4:27 am GMT+0000 payyolionline.in

തൃശൂർ: തൃശ്ശൂരിലെ ഹൈറിച്ച് മണിചെയിൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽക്കഴിയുന്ന പ്രതികൾ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങും. പ്രതികൾ രാവിലെ ഇഡി ഓഫീസിൽ ഹാജരാകുമെന്നാണ് അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുള്ളത്. കമ്പനി ഉടമ പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരാണ് ഹാജരാകുക. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ എൻഫോഴ്സ്മെന്‍റിന്‍റെ അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തൃശ്ശൂരിലെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് പ്രതികൾ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയത്.

 

മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം.

 

എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടി.  ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe