ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാൻ അനുമതിയില്ല; ആന്റിജൻ പരിശോധന നിർത്തലാക്കും

news image
Sep 18, 2021, 7:25 pm IST

തിരുവനന്തപുരം: ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ തൽകാലം അനുവദിക്കേണ്ടെന്ന് കോവിഡ് അവലോകന യോഗത്തിൽ‌ തീരുമാനം. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല. ബാറുകളിൽ ഇരുന്നു കഴിക്കാൻ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം തൽകാലം പരിഗണിക്കണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. തിയറ്ററുകളിലും സിനിമ പ്രദര്‍ശനത്തിന് ഉടന്‍ അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം.  അതേസമയം, പ്രതിവാര രോഗനിർണയ നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവിൽ ഇത് എട്ട് ശതമാനമായിരുന്നു. ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു. ആര്‍ആര്‍ടികള്‍, അയല്‍പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്പര്‍ക്ക വിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക. 65 വയസ്സിനു മുകളിലുള്ള വാക്‌സീൻ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതുബോധവൽകരണ നടപടികള്‍ ശക്തമാക്കും. പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് വാക്‌സിനേഷന്‍ 36.67 ശതമാനമായും (97,94,792) ഉയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,35,49,847 ഡോസ് വാക്‌സീന്‍ നല്‍കാനായി. ഈ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേര്‍ക്കു മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കാനുള്ളൂ. കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രമേ വാക്‌സീന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യഡോസ് വാക്‌സീന്‍ എടുക്കാനുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe