ഹർത്താൽ ; വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്

news image
Sep 23, 2022, 3:04 am GMT+0000 payyolionline.in

കോഴിക്കോട്: രാജ്യവ്യാപകമായ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, ആലുവ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കല്ലേറുണ്ടായത്. ബസുകളുടെ ചില്ലുകൾ തകർന്നു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ബസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.

 

കെ.എസ്.ആർ.ടി.സി സർവിസ് നടത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ചില ജില്ലകളിൽ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നില്ല. ഇതോടെ വലിയ യാത്ര ദുരിതമാണ് അനുഭവപ്പെടുന്നത്.

ഹർത്താലിനിടെ അക്രമമുണ്ടായാൽ ഉടനടി അറസ്റ്റുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. നിർബന്ധിച്ച് കടകളടപ്പിക്കരുതെന്നും ജനങ്ങളുടെ സഞ്ചാരം തടയരുത് എന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.പുതിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂർ സര്‍വകലാശാലയും മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

ഹർത്താലുമായി ബന്ധപ്പെട്ട് വാട്ട്സ് ആപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പെട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഒരുക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe