അഞ്ജുവിന്റെയും കുട്ടികളുടെയും മരണം: ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്

news image
Jan 14, 2023, 2:18 am GMT+0000 payyolionline.in

ലണ്ടൻ∙ ലോകമെങ്ങുമുള്ള മലയാളികളെ ഞെട്ടിച്ച ബ്രിട്ടനിലെ കെറ്ററിംങ് കൂട്ടക്കൊലയിൽ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറൻസുകൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടൻ ഇരുവരും കേരളത്തിൽ എത്തുമെന്നാണു വിവരം. ഇവർക്കായി തൃപ്പൂണിത്തുറയിലെ ഒരു ഹോട്ടലിൽ താമസ സൗകര്യംവരെ ഒരുക്കിയിട്ടുണ്ട്.

അഞ്ജു അശോകിന്റെ വൈക്കത്തെ വീട്ടിലെത്തി ഉദ്യോഗസ്ഥർ മാതാപിതാക്കളുടെ മൊഴിയെടുക്കും. പിന്നീടു കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി സാജുവിന്റെ വീട്ടിലും പൊലീസെത്തി ബന്ധുക്കളുടെ മൊഴിയെടക്കുമെന്നാണു വിവരം. ഇതുകൂടി ചേർത്താകും കേസിന്റെ അന്തിമ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിക്കുക.

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ച ഇന്നലെ രാവിലത്തെ മാഞ്ചസ്റ്ററിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ഈ പൊലീസ് ഉദ്യോഗസ്ഥർക്കും ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അവസാന നിമിഷം ഹോം ഓഫിസിന്റെ ഫൈനൽ ക്ലിയറൻസ് ലഭിക്കാതെ വന്നതോടെ യാത്ര മാറ്റുകയായിരുന്നു.

ഇതിനിടെ ഒരുമാസത്തെ കാത്തിരിപ്പിനൊടുവിൽ നടപടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ 8.50ന് മാഞ്ചസറ്റർ വിമാനത്താവളത്തിൽനിന്ന് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹ പേടകകങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി. ആറു മണിക്കൂറോളം ദുബായിൽ ട്രാൻസിറ്റുള്ളതിനാൽ ശനിയാഴ്ച രാവിലെ 08:05നാകും മൃതദേഹപേടകങ്ങൾ വഹിച്ചുള്ള എമിറേറ്റ്സ് വിമാനം നെടുമ്പാശേരിയിൽ എത്തുക. നെടുമ്പാശേരി വിമാനത്താവളത്തിൽ ഒട്ടും കാലതാമസം ഉണ്ടാകാതിരിക്കാൻ സുരേഷ് ഗോപി എംപി ഉൾപ്പെടെയുള്ള നേതാക്കൾ  എയർപോർട്ട് അധികൃതർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഉച്ചയോടെ വൈക്കത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ ഏതാനും മണിക്കൂറുകൾ പൊതുദർശനത്തിനു വച്ചശേഷം ശനിയാഴ്ചതന്നെ സംസ്കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

അഞ്ജുവിന്റെ കുടുംബം ബ്രിട്ടനിലെ നെസ്റ്റ് ഓഫ് കിൻ (അടുത്ത ബന്ധു) ആയി ചുമതലപ്പെടുത്തിയ അഞ്ജുവിന്റെ സഹപ്രവർത്തകനായ  മനോജ് മാത്യു മൃതദേഹപേടകങ്ങളെ അനുഗമിക്കുന്നുണ്ട്. ‌ഒരുമാസത്തോളം സമയമെടുത്താണു മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായത്. ക്രിസ്മസ് – ന്യൂ ഇയർ അവധിദിവസങ്ങൾ ഇടയ്ക്കുവന്നതോടെയാണു നടപടികൾ ഇത്രയേറെ വൈകിയത്. അസ്വാഭാവിക മരണങ്ങളിൽ ബ്രിട്ടനിലെ നടപടിക്രമങ്ങൾ ഏറെയാണ്. തുടരന്വേഷണത്തിനുള്ള സാധ്യത പൂർണമായും ഇല്ലാതാകുന്നതുവരെ ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹങ്ങൾ പൊലീസ് വിട്ടുനൽകില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe