അഞ്ഞൂറോളം പരീക്ഷാര്‍ത്ഥികളിലെ ഏക ആണ്‍കുട്ടി; ഹാളില്‍ തലകറങ്ങി വീണ്ട് പന്ത്രണ്ടാം ക്ലാസുകാരന്‍

news image
Feb 2, 2023, 6:00 am GMT+0000 payyolionline.in

നളന്ദ: പരീക്ഷാ സമയം ആകുമ്പോള്‍ സമ്മര്‍ദ്ദം സഹിക്കാനാവാതെ വിദ്യാര്‍ത്ഥികള്‍ തല കറങ്ങി വീഴുന്നതൊക്കെ ഇന്ന് പതിവ് കാഴ്ചയാണ്. എന്നാല്‍ ബീഹാറിലെ നളന്ദയില്‍ പരീക്ഷാ ഹാളില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ തല കറങ്ങി വീണത് വളരെ വിചിത്രമായ കാരണത്താലാണ്. നൂറോളം പേരുള്ള പരീക്ഷ ഹാളിലെ ഏക ആണ്‍കുട്ടി ആയതിന് പിന്നാലെയാണ് പന്ത്രണ്ടാം ക്ലാസുകാരന്‍ തലകറങ്ങി വീണത്. ബിഹാറിലെ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷകള്‍ ഇന്നലെയാണ് ആരംഭിച്ചത്. നളന്ദയിലെ പരീക്ഷാ കേന്ദ്രത്തില്‍ ആദ്യ ദിവസമാണ് വിചിത്ര സംഭവമുണ്ടായത്.

 

പെണ്‍കുട്ടികള്‍ക്ക് നടുവില്‍ സീറ്റ് ലഭിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് ടെന്‍ഷന്‍ താങ്ങാനാവാതെ വരികയായിരുന്നു. പരീക്ഷ എഴുതുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥി തല കറങ്ങി വീണതോടെ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നളന്ദയിലെ ബ്രില്യന്‍റ് കോണ്‍വെന്‍റ് പ്രൈവറ്റ് സ്കൂളിലാണ് ഇന്നലെ വിചിത്ര  സംഭവങ്ങള്‍ നടന്നത്. അല്ലമാ ഇഖ്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ മനീഷ് ശങ്കറാണ് തലകറങ്ങി വീണത്. പരീക്ഷാ കേന്ദ്രത്തിലെത്തിയപ്പോഴാണ് ഒപ്പം പരീക്ഷ എഴുതാനുള്ളവരെല്ലാം പെണ്‍കുട്ടികളാണെന്ന് മനീഷിന് മനസിലായത്. 500ഓളം വിദ്യാര്‍ത്ഥിനികളാണ് ഇവിടെ പ്ലസ്ടു പരീക്ഷയ്ക്കായി എത്തിയത്.

 

പരീക്ഷാ ഹാളിലെത്തിയെങ്കിലും മനീഷ് തല കറങ്ങി വീഴുകയായിരുന്നു. മനീഷിനെ ബിഹാറിലെ ഷരീഷ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരീക്ഷാ സമ്മര്‍ദ്ദത്തിനൊപ്പം ഹാളില്‍ ഒപ്പമുള്ളവരെല്ലാം പെണ്‍കുട്ടികളാണെന്ന് കണ്ടത് മനീഷിന്റെ ടെന്‍ഷന്‍ കൂട്ടിയെന്നാണ് ബന്ധു പ്രതികരിക്കുന്നത്. എങ്ങനെയാണ് ഇത്തരത്തില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതെന്നാണ് മനീഷിന്‍റെ ബന്ധുക്കള്‍ ചോദിക്കുന്നത്.

 

ബോര്‍ഡ് പരീക്ഷയ്ക്ക് സംസ്ഥാനത്ത് 1464 കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. 13 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആറ് ലക്ഷത്തിലധികം പെണ്‍കുട്ടികളും ആറ് ലക്ഷത്തോളം ആണ്‍കുട്ടികളുമാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പരീക്ഷയില്‍ തട്ടിപ്പ് നടക്കുന്നതായി വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നടത്തിപ്പ് രീതികളില്‍ വ്യാപക മാറ്റം ബിഹാറില്‍ വരുത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe