അട്ടപ്പാടി മധു കേസിൽ വിചാരണ വീഡിയോയിൽ ചിത്രീകരിക്കുമോ? മധുവിന്റെ അമ്മയുടെ ഹ‍ർജിയിൽ വിധി തിങ്കളാഴ‍്‍ച

news image
Sep 24, 2022, 9:23 am GMT+0000 payyolionline.in

പാലക്കാട്: അട്ടപ്പാടി മധു കേസിൽ വിചാരണ നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണമെന്ന മധുവിന്റെ അമ്മയുടെ ഹർജിയിൽ കോടതി തിങ്കളാഴ്ച വിധി പറയും. പ്രതിഭാഗം വിചാരണ നടപടികൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നുവെന്നും ഈ സാഹചര്യത്തിൽ വിചാരണ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നുമാണ് മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം. വിചാരണയ്ക്കിടെ കൂറുമാറിയ മുപ്പത്തിയാറാം സാക്ഷി ലത്തീഫ് ഉള്ള വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിലും കോടതി തിങ്കളാഴ്ച വിധി പറയും. വിചാരണയ്ക്കിടെ കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ ഉള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞിരുന്നു. ഇതോടെ ദൃശ്യങ്ങളും പാസ്പോർട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

 

കേസിൽ ഇന്ന് രണ്ട് പ്രതികൾ കൂടി കൂറുമാറി. അറുപത്തിയൊന്നാം സാക്ഷിയും അറുപത്തിരണ്ടാം സാക്ഷിയും ആണ് ഇന്ന് കൂറുമാറിയത്. മധു കൊലക്കേസിലെ പ്രതി ജൈജുമോന്റെ ഓട്ടോറിക്ഷ ഹാജരാക്കിയത് അറുപത്തിയൊന്നാം സാക്ഷി ഹരീഷാണ്. എന്നാൽ വിചാരണയ്ക്കിടെ, ഹരീഷ് ഇക്കാര്യം നിഷേധിച്ചു. പിന്നാലെ, അറുപത്തിരണ്ടാം സാക്ഷി ആനന്ദും കൂറുമാറി. പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയത് ആനന്ദായിരുന്നു. വിചാരണ വേളയിൽ ആനന്ദ് ഇക്കാര്യം നിഷേധിച്ചു. ഹരീഷ്, ബിജു എന്നിവർ ആനന്ദിന്റെ അമ്മാവൻമാർ ആണ്. ഇന്ന് രണ്ട് പേർ കൂടി കൂറുമാറിയതോടെ, കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 25 ആയി. ആകെ 122 സാക്ഷികളാണ് കേസിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe