അധമ സംസ്കാരത്തിനെതിരെ സംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മുന്നിട്ടിറങ്ങണം: മന്ത്രി വി എൻ വാസവൻ

news image
Oct 30, 2022, 6:25 am GMT+0000 payyolionline.in

വടകര: സാംസ്കാരിക കേരളത്തിൽ നരബലി ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടാകുന്ന ഇക്കാലത്ത് അധമ സംസ്കാരത്തിനെതിരെ സംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വടകര കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം വാർഷികവും ചെറുകാട് അവാർഡ് സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അണിനിരത്തി കേരളത്തിലെ വിവിധങ്ങളായ കലകളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാൻ സാംസ്കാരിക വകുപ്പ് പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സാംസ്കാരിക കേരളം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലാതാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. അധമ സംസ്കാരത്തിൻ്റെ ആവിർഭാവമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് നമ്മെ ലോകത്തിനു മുന്നിൽ തലകുനിപ്പിക്കുകയാണ്.

ഒരു കാലഘട്ടത്തിൽ നിലനിൽക്കുന്ന സാമുഹ്യ യാഥാർഥ്യങ്ങളെ ഹൃദയസ്പർശിയായി ജനഹൃദയങ്ങളിൽ എത്തിക്കാൻ കലയ്ക്കും സാംസ്കാരി പ്രവർത്തനത്തിനും മാത്രമെ കഴിയൂവെന്നും മന്ത്രി പറഞ്ഞു. ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാതെ വരുമ്പോഴാണ് ഭരണാധികാരികൾ സാഹിത്യകാരന്മാർക്കെതിരെ ആയുധമെടുക്കുന്നത്. കുട്ടോത്ത് ‘പാലക്കീഴ്’ നഗറിൽ നടന്ന പരിപാടിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. ചെറുകാട് സ്മാരക ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി സി വാസുദേവൻ അവാർഡ് പ്രഖ്യാപനം നടത്തി. ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. വേണു പാലൂർ ചെറുകാട് അനുസ്മരണം നടത്തി. സുരേഷ് ബാബു ശ്രീസ്ഥക്ക് മന്ത്രി വി എൻ വാസവൻ അവാർഡ് സമ്മാനിച്ചു. പ്രൊഫ. എം എം നാരായണൻ, സി ദിവാകരൻ, എൻ ഉദയൻ, ടി പി ഗോപാലൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ നാടകവും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe