അർജന്‍റീന-ഫ്രാൻസ് കലാശപ്പോര്; ഫിഫ ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക അറിയണോ…

news image
Dec 17, 2022, 4:59 pm GMT+0000 payyolionline.in

ദോഹ: ഫുട്ബാൾ സിംഹാസനത്തിന്‍റെ പുതിയ അവകാശികൾ ആരെന്നറിയാൻ ഇനി ഒരു രാപകൽ ദൂരം മാത്രം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കനകകിരീടം നിലനിർത്തുമോ? അതോ ലയണൽ മെസ്സിയും കൂട്ടരും കിരീടം ചൂടുമോ‍?… ഇരുവർക്കും ഇത് മൂന്നാം വിശ്വകിരീടത്തിനുള്ള പോരാട്ടമാണ്.

ഞായറാഴ്ച രാത്രി 8.30ന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് അർജന്‍റീന-ഫ്രാൻസ് കലാശപ്പോര്. 1978, 1986 ലോകകപ്പുകളിലാണ് അർജന്‍റീന കിരീടം ചൂടിയത്. 1998, 2018 വർഷങ്ങളിൽ ഫ്രാൻസും ജേതാക്കളായി. ഖത്തർ ഫിഫ ലോകകപ്പ് വിജയികളെ കാത്തിരിക്കുന്ന സമ്മാനത്തുക കേട്ടാൽ നിങ്ങൾ ആശ്ചര്യപ്പെടും.

റിപ്പോർട്ടുകൾ പ്രകാരം ഫൈനൽ വിജയികൾക്ക് മാത്രം 347.48 കോടി രൂപ (42 മില്യൺ ഡോളർ) സമ്മാനത്തുകയായി ലഭിക്കും. റണ്ണർ അപ്പിന് 248.20 കോടി രൂപയും (30 മില്യൺ ഡോളർ). മൂന്നാം സ്ഥാനക്കാരെ കാത്തുനിൽക്കുന്നത് 223.38 കോടി രൂപയും (27 മില്യൺ ഡോളർ) നാലാം സ്ഥാനക്കാർക്ക് 206.83 കോടി രൂപയും ലഭിക്കും. ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യ-മൊറോക്കോ ടീമുകൾ ഏറ്റുമുട്ടുകയാണ്.

ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയ ടീമുകൾക്ക് 140.64 കോടി രൂപയോളം ലഭിക്കും. ബ്രസീൽ, നെതർലൻഡ്സ്, പോർചുഗൽ, ഇംഗ്ലണ്ട് ടീമുകളാണ് ക്വാർട്ടർ പോരാട്ടത്തിന് യോഗ്യത നേടിയിരുന്നത്. പ്രീ ക്വാർട്ടർ യോഗ്യത നേടിയവർക്ക് 107.55 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. യു.എസ്.എ, സെനഗാൾ, ആസ്ട്രേലിയ, പോളണ്ട്, സ്പെയിൻ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, ദക്ഷണി കൊറിയ എന്നിവരാണ് അവസാന പതിനാറിലേക്ക് യോഗ്യത നേടിയത്.

കൂടാതെ, പങ്കെടുത്ത ഓരോ ടീമിനും 74.46 കോടി രൂപ വീതവും ഫിഫ നൽകും. ഖത്തർ, വെയിൽസ്, ഇറാൻ, മെക്സിക്കോ, സൗദി അറേബ്യ, ഡെൻമാർക്ക്, തുനീഷ്യ, കാനഡ, ബെൽജിയം, ജർമനി, കോസ്റ്റാറീക്ക, സെർബിയ, കാമറൂൺ, ഘാന, ഉറുഗ്വായ് ടീമുകൾക്കാണ് ഈ തുക ലഭിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe