ആത്മഹത്യ രാജ്യദ്രോഹക്കുറ്റമെന്ന് കിം, വിലക്കുമായി ഉത്തരകൊറിയ

news image
Jun 10, 2023, 4:51 am GMT+0000 payyolionline.in

സിയോള്‍: രാജ്യത്ത് ആത്മഹത്യ നിരോധിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം  ജോങ് ഉന്‍. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായാണ് കണക്കാക്കിക്കൊണ്ടാണ് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് മാധ്യമ വാര്‍ത്തകള്‍. തങ്ങളുടെ അധികാര പരിധിയില്‍ ആത്മഹത്യകള്‍ ഉണ്ടാവുന്നത് തടയണമെന്നും പ്രതിരോധിക്കണമെന്നുമാണ് കിം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് സാമ്പത്തിക പ്രാരാബ്ധം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയതിന് പിന്നാലെയാണ് ആത്മഹത്യ വിലക്കിയിരിക്കുന്നത്.

ഉത്തരകൊറിയയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതായാണ് ദക്ഷിണ കൊറിയന്‍ രഹസ്യ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് ഇത്. ആളുകളുടെ ബുദ്ധിമുട്ടുകളും ക്ലേശവും പരിഹരിക്കാന്‍ സാധിക്കാത്തതില്‍ രാജ്യത്ത് ആഭ്യന്തര തലത്തില്‍ നിരവധി പ്രശ്നങ്ങളുണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ ദേശീയ ഇന്‌റലിജന്‍സ് സര്‍വ്വീസ് വക്താവ് വിശദമാക്കുന്നത്. ഇതോടെയാണ് ആത്മഹത്യ വിലക്കിക്കൊണ്ടുള്ള രഹസ്യ ഉത്തരവ് പുറത്തിറങ്ങിയത്. ഉന്നത അധികാരികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെന്നുമാണ് റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പട്ടിണി മൂലമുള്ള മരണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങായെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ചോംഗ്ജിന്‍ സിറ്റിയിലും ക്യോംഗ്സോംഗ് കൌണ്ടിയിലും മാത്രം ഈ വര്‍ഷം 35 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 

പട്ടിണി മരണത്തേക്കാളും സാമൂഹ്യാഘാതം സൃഷ്ടിക്കുന്നതാണ് ആത്മഹത്യയെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ആത്മഹത്യാ തടയല്‍ മാനദണ്ഡങ്ങള്‍ ജനറല്‍ സെക്രട്ടറി രൂപീകരിച്ചതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട്. മിക്ക ആത്മഹത്യകളും പട്ടിണിയും ദാരിദ്ര്യവും മൂലമായതിനാല്‍ പെട്ടന്ന് പരിഹാരം കാണുക അസാധ്യമെന്നാണ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്. അടുത്തിടെ പട്ടിണി സഹിക്കാനാവാതെ 10വയസുകാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് കിമ്മിന്‍റെ ശ്രദ്ധയില്‍ വന്നതോടെയാണ് പുതിയ തീരുമാനം.

എന്നാല്‍ രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷ നല്‍കുന്ന രാജ്യത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവരെ എങ്ങനെ ശിക്ഷിക്കുമെന്നാണ് കിമ്മിന്‍റെ വിമര്‍ശകരുടെ പരിഹാസം. അമിത മദ്യപാനവും പുകവലിയും നിമിത്തം ഉത്തര കൊറിയയുടെ ഭരണാധികാരി കിം  ജോങ് ഉന്‍ കടന്നുപോവുന്നത് വല്ലാത്ത വിഷമ ഘട്ടത്തിലൂടെയെന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. രാജ്യത്തെ അസ്ഥിരാവസ്ഥ കിമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. അമിത മദ്യപാനവും ചിട്ടയില്ലാത്ത ജീവിതവും കിമ്മിന്‍റെ ശരീര ഭാരം 140 നോട് അടുത്ത് എത്തിച്ചുവെന്നാണ് അടുത്തിടെ പുറത്ത് വന്ന റിപ്പോര്‍ട്ട്. മെയ് 16ന് ഒരു പരിപാടിയില്‍ സംബന്ധിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ക്ഷീണിതനായ കിമ്മിനേയാണ് ഈ ചിത്രങ്ങളില്‍ കാണാന്‍ സാധിച്ചത്. കിമ്മിന്‍റെ കൈകളില്‍ ചെറിയ രീതിയിലുള്ള  തടിപ്പുകളും മുറിവേറ്റ പാടുകളും ദൃശ്യമായിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ എങ്ങനെയാണെന്നിനേക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. ആരോഗ്യം മോശമാണെന്ന പ്രചാരണങ്ങള്‍ വ്യാപകമായതിന് പിന്നാലെ ഫെബ്രുവരി മാസം മുതല്‍ ഒരു മാസം പൊതുപരിപാടികളില്‍ നിന്ന് കിം ഒഴിഞ്ഞ് നിന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe