ഇത്തവണത്തേത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയ ബജറ്റ്: മന്ത്രി വി ശിവന്‍കുട്ടി

news image
Feb 4, 2023, 6:17 am GMT+0000 payyolionline.in

തിരുവനന്തപുരം:  പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ലഭിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക ഇത്തവണ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. അരുവിക്കര മണ്ഡലത്തിലെ വെള്ളനാട്, പന്നിയോട് ഗവ. സ്‌കൂളുകളിലായി നിര്‍മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിനായുള്ള തുക എണ്‍പത്തിയഞ്ചില്‍ നിന്ന് തൊണ്ണൂറ്റിയഞ്ച് കോടിയായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി. ഓട്ടിസം പാര്‍ക്കിനായി 40 ലക്ഷവും,  സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 65 കോടി രൂപയും നീക്കി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഒന്നിനും കുറവു വരാത്ത വിധം സര്‍ക്കാര്‍ സ്‌കൂളുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. ഓരോ വിദ്യാര്‍ഥിയെയും ഉന്നത നിലവാരത്തില്‍ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. ഇതിനായി അധ്യാപര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുത്ത് വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തും-മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

വെള്ളനാട് ഗവണ്‍മെന്റ് എല്‍ പി എസില്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബി-കില മുഖേന ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. പന്നിയോട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിനായി എംഎല്‍എ ജി. സ്റ്റീഫന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഇരുചടങ്ങുകളിലും ജി സ്റ്റീഫന്‍ എം.എല്‍എ അധ്യക്ഷനായി.  വിവിധ തദ്ദേശ ഭരണ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe