പയ്യോളി: ഹൈവേ വികസനത്തിന്റെ അനുബന്ധമായി അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യുന്ന ഡ്രൈനേജ് സംവിധാനം കാർഷിക ഭൂമിയായ ഇത്തിൾ ചിറയെ പൂർണ്ണമായും മാലിന്യ നിക്ഷേപണ പ്രദേശമായി മാറും എന്ന നിലയിൽ തിക്കോടി പയ്യോളി പ്രദേശത്തെ ജനങ്ങൾ സമരരംഗത്തേക്ക് ഇറങ്ങുകയാണ്. ഡ്രൈനേജ് ജലം, പുഴയിലേക്കോ, കടലിലേക്കോ ഒഴുക്കുന്നതിനു പകരം ഏതാണ്ട് ഇരിങ്ങൽ മുതൽ തിക്കോടി വരെയോ അതിലപ്പുറമോ ദൂരത്തുള്ള ഡ്രൈനേജിന് മറ്റെവിടെയും ഔട്ടർ സംവിധാനം ഇല്ലാതെ, ദേശീയ പാതക്ക് ഇരുവശത്തെയും ഡ്രൈനേജ് സംവിധാനത്തെ, പയ്യോളി ക്രിസ്ത്യൻ പള്ളിക്കു സമീപം ഇരു ഭാഗത്തെയും സർവീസ് റോഡുകൾ ഒഴികെയുള്ള സ്ഥലത്ത് വലിയ കുഴി രൂപപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഒരു വലിയ സംഭരണി ആക്കി അത് കിഴക്കോട്ട് ഇത്തിൾ ചിറയിലേക്കു ഒഴുക്കിവിടുക എന്നതാണ് കരാറുകാരുടെ ശ്രമം, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ശക്തമായ നിയമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നിലനിൽക്കെ ഇത്തരം അശാസ്ത്രീയവും നിരുത്തരവാദപരമായ പ്രവർത്തികൾ ജനങ്ങളെ ഏറെ വീർപ്പുമുട്ടിക്കുകയാണ്.
കൃഷി യോഗ്യമായ ഇത്തിൾ ചിറയെയും അതിനു പരിസരത്തെ ആവാസവ്യവസ്ഥയെയും തകിടം മറിച്ചെക്കാവുന്ന ഇത്തരം നിർമിതികളെ തടയുന്നതിന് വേണ്ടി നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ജനകീയ പ്രതിരോധ കൺവെൻഷൻ ഊളയിൽ പ്രദേശത്ത് ഞായര്‍ രാവിലെ വിളിച്ചു ചേര്‍ത്തു. കണ്‍വെന്‍ഷനില്‍ ‘ഇത്തിൾചിറ പാടശേഖര സംരക്ഷണ സമിതി’ രൂപീകൃതമായി. പയ്യോളി നഗരസഭ കൗൺസിലർ സിപി ഫാത്തിമ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എം സമദ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഉഷ റോസ്, കെ.ടി.ലിഗേഷ്, ബഷീർ മേലടി, കുനിയിൽ വേണു, പടിക്കൽ രാജൻ, സത്യൻ വരൂണ്ട, കെ ജോഷി, രാജ് നാരായണൻ, ഷമീർ സൂപ്പർ ലാബ് തുടങ്ങിയവർ സംസാരിച്ചു.
രക്ഷാധികാരികൾ : ടി ചന്തു മാസ്റ്റർ, സി പി ഫാത്തിമ , ബിനു കാരോളി എന്നിവരെയും എം സമദ് [ചെയർമാൻ], സത്യൻ വരൂണ്ട [ജനറൽ കൺവീനർ], ഗഫൂർ മയേരി [ഖജാൻജി] എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.