‘ഇനി കോൺഗ്രസ് ഹർത്താലില്ല; ഹർത്താൽ സമരമുറക്ക് കോൺഗ്രസ് എതിര്; ബജറ്റിനെതിരെ തീപാറും സമരം’,പ്രഖ്യാപിച്ച് സുധാകരൻ

news image
Feb 4, 2023, 10:31 am GMT+0000 payyolionline.in

കണ്ണൂർ : സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം. ഹർത്താൽ എന്ന സമരമുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.

 

 

ജനത്തിന്റെ നടുവ് ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണ്.  സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി കൂട്ടിയ ബജറ്റിനെ കുറിച്ച് ഇടതു അനുഭാവികളും പ്രതികരികരിക്കണം. പൊതു പണം ഇങ്ങനെ കൊള്ളയടിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

 

സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിനു മുന്നിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട്ട് സപ്ലൈകോ പെട്രോൾ പമ്പ് കോൺഗ്രസ്‌ പ്രവർത്തകർ ഉപരോധിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ് എംഎൽഎയുടെ നേതൃത്വത്തിൽ, ബജറ്റിന്റെ കോപ്പികൾ കത്തിച്ചായിരുന്നു പ്രതിഷേധം. തുടർ സമരങ്ങൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരും. കൊല്ലം കളക്ടേറേറ്റിലും യൂത്ത് പ്രവർത്തകർ പ്രതിഷേധിച്ചു. കളക്ടറേറ്റിലേക്ക് വളപ്പിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേ സമയം, കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങിയതായാണ് സൂചന. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു  രൂപയാക്കാനാണ് നീക്കം. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കൾ ഇന്നും നികുതി വർദ്ധനവിനെ ന്യായീകരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe