ഉത്തര്‍പ്രദേശില്‍ കബഡി താരങ്ങള്‍ക്ക് ഭക്ഷണം ശുചിമുറിയില്‍; കോൺട്രാകടറെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മന്ത്രി

news image
Sep 20, 2022, 11:47 am GMT+0000 payyolionline.in

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ കബ‍ഡി കായികതാരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം നല്‍കിയ സംഭവത്തില്‍ കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഭക്ഷണം നൽകിയ കോൺട്രാകടറെ  കരിമ്പട്ടികയില്‍ പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സഹാരൻ‍പൂരില്‍ ടൂർണമെന്‍റിന് എത്തിയ കുട്ടികള്‍ക്കാണ് ശുചിമുറിയില്‍ ഭക്ഷണം നല്‍കിയത്. സംഭവത്തില്‍ വ്യാപക രോഷം ഉയര്‍ന്നതിന് പിന്നാലെ  ജില്ലാ കായിക ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു.

ഉത്ത‍ർപ്രദേശിലെ സഹാരൻപൂരിലാണ് ടൂർണമെന്‍റിനെത്തിയ ഇരുനൂറോളം കായികതാരങ്ങള്‍ക്ക് വൃത്തിഹീനമായ ശുചിമുറിയില്‍ ഭക്ഷണം നല്‍കിയത്. മഴയായതിനാല്‍ സ്ഥലപരിമിതിയെ തുടര്‍ന്നാണ് ശുചിമുറിയില്‍ ഭക്ഷണം നല്‍കിയതെന്നാണ് അധികൃതരുടെ വാദം. ശുചിമുറിയില്‍ ചോറും പൂരിയും അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്ക് കഴിക്കാനായി നല്‍കുകയായിരുന്നു. പൂരിയടക്കമുള്ളവ പാചകം ചെയ്തതും ശുചിമുറിയില്‍ വച്ചാണെന്നാണ് സൂചന.

സ്ഥലത്തുണ്ടായിരുന്ന ആരോ ദൃശ്യങ്ങള്‍ പകർത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വ്യാപക രോഷം ഉയര്‍ന്നു. കായികതാരങ്ങളെയും ഭക്ഷണത്തെയും അപമാനിക്കുന്ന നടപടിയെന്നതാണിതെന്ന വിർമശനമാണ് പൊതുവില്‍ ഉയരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട ജില്ല കളക്ടർ  മൂന്ന് ദിവസത്തിനുള്ളില്‍  റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെപിക്കെതിരെയും വിമർശനമുയർന്നു. കായികതാരങ്ങളോട് ബിജെപി പെരുമാറുന്നത് ഇങ്ങനെയാണോയെന്ന് ടിആര്‍എസ് നേതാവ്  സതീഷ് റെഡ്ഡി ട്വിറ്ററില്‍ വിമർശിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe