‘എന്നെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു’; അങ്കിത ഭണ്ഡാരി കേസിൽ നിർണായകമായി വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്

news image
Sep 24, 2022, 1:41 pm GMT+0000 payyolionline.in

ഡെഹ്റാഡൂൺ:  ഉത്തരാഖണ്ഡ‍ിലെ ബിജെപി നേതാവിന്റെ മകന്റെ അറസ്റ്റിലേക്ക് നയിച്ച അങ്കിത ഭണ്ഡാരി കൊലപാതക കേസിൽ നിർണായക വാട്സാപ് ചാറ്റ് പുറത്ത്. അങ്കിത സുഹൃത്തിന‌യച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികൾക്കെതിരെ ഉ‌യരുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ചാറ്റ്.

പ്രതികൾ അങ്കിതയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു എന്ന കാര്യം തെളിയിക്കുന്നതാണ് വാട്സാപ് സന്ദേശങ്ങൾ. റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരിക്കെ അനുഭവിച്ച ദുരിതങ്ങൾ സംബന്ധിച്ചും അങ്കിത സുഹൃത്തിനയച്ച സന്ദേശങ്ങളിൽ പറയുന്നുണ്ട്. റിസോർട്ടിലെത്തുന്ന വിവിഐപികൾക്കായി പ്രത്യേക സേവനം നൽകണമെന്ന് തന്നെ നിർബന്ധിച്ചുവെന്ന് അങ്കിത മെസേജിൽ പറയുന്നു. 10000 രൂപ അധികം നൽകുന്ന അതിഥികൾക്കാണ് ഇങ്ങനെ സേവനം നൽകേണ്ടതെന്നും റിസോർട്ട് ഉടമയായ പുൾകിത് ആര്യയും കൂട്ടാളികളും പറഞ്ഞതായും സന്ദേശങ്ങളിലുണ്ട്. വാട്സാപ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പൊലീസ് ശേഖരിച്ചു.

 

മെസേജ് അയച്ചത് അങ്കിത തന്നെയെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ടെന്നും കൂടുതൽ വ്യക്തതയ്ക്കായി ഫോറൻസിക് പരിശോധന ഉൾപ്പടെ നടത്തുമെന്നും പൊലീസ് പറഞ്ഞു. റിസോർട്ടിൽ ജോലി ചെയ്യുമ്പോൾ ഒരു അതിഥി തന്നെ മോശമായി രീതിയിൽ സ്പർശിച്ച കാര്യവും അങ്കിത സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അറിയിച്ചപ്പോൾ മദ്യപിച്ചിരുന്ന സമയത്തല്ലേ, വിട്ടുകള എന്ന് പുൾകിത് ആര്യ പറഞ്ഞതാ‌യും അങ്കിതയുടെ സന്ദേശത്തിലുണ്ട്. സുഹൃത്തിനയച്ച ഒരു ഓഡിയോ സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്. റിസോർട്ടിലെ മുകൾനിലയിലേക്ക് തന്റെ ബാ​ഗ് കൊണ്ടുവരാൻ പറഞ്ഞ് കരയുന്ന അങ്കിതയുടെ ശബ്ദമാണ് ഓഡിയോ സന്ദേശത്തിലുള്ളത്. 
 
കേസിൽ പുൽകിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മുൻ മന്ത്രി വിനോദ് ആര്യയുടെ മകനാണ് പുൽകിത്. അച്ഛനെയും മകനെയും ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.   19 കാരിയായ അങ്കിതയുടെ  മൃതദേഹം ഇന്നാണ് ചില്ലയിലെ പവര്‍ ഹൗസിന് സമീപം കണ്ടെത്തിയത്. വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും അവിടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പുൽകിതും കൂട്ടാളികളും പൊലീസിന് നൽകിയ മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe