‘എന്‍റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം, നിങ്ങളോടൊന്നും പറയാനില്ല’; 11 മാസം ജയിലിൽ, ഗ്രീഷ്മയുടെ പ്രതികരണം

news image
Sep 27, 2023, 4:05 am GMT+0000 payyolionline.in

ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് മോചനം ലഭിക്കുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാൻ തയ്യാറായില്ല. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ‘എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെ’ന്നായിരുന്നു മറുപടി.

അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ഗ്രീഷ്മ പറഞ്ഞു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റണമോ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണോയെന്ന ചോദ്യത്തോട് അത് കോടതിയിൽ ഉള്ള കാര്യമല്ലേ എന്നാിരുന്നു ഗ്രീഷ്മയുടെ മറുപടി. കോടതിയിലുള്ള കാര്യങ്ങൾ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു. കൂടുതൽ പ്രതികരണങ്ങള്‍ക്ക് നിൽക്കാതെ ഗ്രീഷ്മ ബന്ധുക്കള്‍ക്കൊപ്പം പോവുകയായിരുന്നു.

 

കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാതെ വന്നപ്പോൾ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നു. നെയ്യൂരിലെ സ്വകാര്യ കോളോജിൽ റേഡിയോളജി ബിരുദ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. ബസ് യാത്രക്കിടയിലാണ് ഗ്രീഷ്മയെ പരിചയപ്പെട്ടത്. 10 മാസം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോൾ ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ വിസമ്മതിച്ചു.

തന്റെ വീട്ടിലേക്ക് ഷാരോൺ വന്ന സെപ്റ്റംബർ 14നാണ് ഗ്രീഷ്മ വിഷം കഷായത്തിൽ കലക്കി നൽകിയത്. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷാരോൺ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസിൽ പിന്നീട് കേരളം ഞെട്ടിയ വഴിത്തിരിവുണ്ടായത്. കുറ്റകൃത്യത്തിന് സഹായികളായതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ചിരുന്നു. ഇരു പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി പിന്നീട് വാദം കേൾക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe