ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലും

news image
May 5, 2023, 3:26 am GMT+0000 payyolionline.in

കോഴിക്കോട് ∙ കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 25 പേരുടെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് എക്സ് ബിബി 1.16, എക്സ്ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.

 

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്. ഇവർ എല്ലാവരും 2 ഡോസ് വാക്സീൻ സ്വീകരിച്ചവരാണ്. ആരും ന്യുമോണിയ ബാധിതരായില്ലെന്നതും മറ്റു ഗുരുതരാവസ്ഥയിലേക്കു കടന്നില്ലെന്നതും പുതിയ വകഭേദം അപകടകാരിയല്ല എന്ന സൂചന നൽകുന്നു. ക്രിട്ടിക്കൽ കെയർ വിദഗ്ധനായ ഡോ. എ.എസ്.അനൂപ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

സാംപിൾ പരിശോധനയ്ക്കു വിധേയരായ ഈ സംഘത്തിൽപെട്ട 30% പേർക്ക് രോഗത്തിനൊപ്പം കണ്ണിൽ ചുവപ്പും ബാധിച്ചിരുന്നു. 25% പേർക്ക് പനിക്കൊപ്പം ശരീരവിറയലും അനുഭവപ്പെട്ടു. തുടക്കത്തിൽത്തന്നെ വിറയലോടെയുള്ള പനി മുൻപൊന്നും കണ്ടിട്ടില്ലാത്ത രോഗലക്ഷണമായിരുന്നുവെന്നും ഡോ. അനൂപ്കുമാർ പറഞ്ഞു. ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ വകഭേദങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2 ഡോസ് വാക്സീൻ സ്വീകരിച്ചതാകാം പുതിയ വകഭേദം കണ്ടെത്തിയിട്ടും രോഗികൾ ഗുരുതരാവസ്ഥയിലേക്കു കടക്കാത്തതിനു കാരണമെന്നു ഡോ. അനൂപ്കുമാർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe