ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പരിഷ്‌കരണം പഠിക്കാൻ 8 അംഗ സമിതി, രാം നാഥ് കോവിന്ദ് അധ്യക്ഷൻ

news image
Sep 2, 2023, 1:59 pm GMT+0000 payyolionline.in

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേർന്ന് പരിഷ്കാരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe