ഓഫീസിലിരുന്ന് റോഡ് പണി വിലയിരുത്തേണ്ട: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

news image
Dec 8, 2022, 11:34 am GMT+0000 payyolionline.in

തിരുവനന്തപുരം: സിനിമയ്‌ക്ക് തിരക്കഥ എഴുതുന്നതുപോലെ ഓഫീസിലിരുന്ന് റോഡ് പണി വിലയിരുത്തുന്ന ഉദ്യോഗസ്ഥരുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് റോഡിലിറങ്ങുന്നു എന്ന് ഉറപ്പുവരുത്തും.

റണ്ണിങ് കോണ്‍ട്രാക്‌ട് സംവിധാനത്തിലെ റോഡുകള്‍ പരിശോധിക്കാന്‍ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചു. ഇവര്‍ 45 ദിവസംകൂടുമ്പോള്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തും. റോഡുകളുടെ ഗുണനിലവാര പരിശോധനയ്‌ക്ക് ഹൈടെക് ലാബ് സംവിധാനം ആരംഭിക്കും. എല്ലാ ജില്ലകളിലും മിനി മൊബൈല്‍ യൂണിറ്റുകളും സജ്ജമാക്കും. നല്ല നിലയില്‍ ജോലി ചെയ്യുന്ന കരാറുകാരെ സംരക്ഷിക്കും. അവര്‍ക്ക് ബോണസ് ഏര്‍പ്പെടുത്തും. ബില്‍ പെയ്മെന്റ് വേഗത്തിലാക്കും. കരാറുകാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കും.

ദീര്‍ഘകാലം നിലനില്‍ക്കുന്ന ഡിസൈന്‍ഡ് റോഡുകളിലേക്ക് നിര്‍മാണരീതി മാറ്റാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം, വാഹനപ്പെരുപ്പം എന്നിവ കണക്കിലെടുത്ത് റോഡ് ഡിസൈന്‍ ചെയ്‌ത് ആവശ്യമായ വ്യവസ്ഥകള്‍ എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിച്ച ശേഷമാണ് പുതുതായി റോഡുകള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe