കടുവയ്ക്ക് പിന്നാലെ പുലിയും; വയനാട്ടിൽ വന്യമൃഗശല്യം രൂക്ഷം

news image
Sep 13, 2022, 9:46 am GMT+0000 payyolionline.in

കൽപ്പറ്റ : കടുവയ്ക്ക് പിന്നാലെ പുലി കൂടി ഇറങ്ങിയതോടെ വയനാട്ടിലെ ജനജീവിതം ദുസ്സഹമാകുകയാണ്. ഇന്ന് പുലർച്ചെ നാല് മണിക്കാണ് വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയിൽ പുലിയിറങ്ങിയത്. കോന്നാംകോട്ടിൽ സത്യന്‍റെ വീട്ടിലെ വളർത്തുനായയെ പുലി പിടികൂടി. പുലി വരുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. വനപാലകരെത്തി മേഖലയിൽ തിരച്ചിൽ നടത്തിയതിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി. രണ്ട് ദിവസം ഇതിനടുത്തുള്ള അന്പുക്കുത്തി ജിഎൽപി സ്കൂളിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ജനവാസ മേഖലകളിൽ സ്ഥിരമായി ഇറങ്ങുന്ന പുലിയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

മീനങ്ങാടി, ബത്തേരി മേഖലകളിൽ കടുവ ശല്യം രൂക്ഷമാണ്. ഇതിന് പിന്നാലെയാണ് ബത്തേരിക്കടുത്തുള്ള നെന്മേനിയിൽ പുലിയും ഇറങ്ങുന്നത്. പ്രദേശത്ത് രാവിലെ സ്കൂളിൽ പോകുന്ന കുട്ടികളും ക്ഷീര കർഷകരും നിരവധിയാണ്. മീനങ്ങാടി മൈലന്പാടിയിൽ ഭീതി പരത്തുന്ന കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രദേശത്ത് രണ്ട് കൂടുകൾ വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് മീനങ്ങാടി മണ്ഡക വയലിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുഞ്ഞ് കുടുങ്ങിയിരുന്നു. പിന്നീട് നാല് മാസം പ്രായമായ കടുവ കുഞ്ഞിനെ തുറന്നുവിടാൻ വനം വകുപ്പ് ഏറെ ബുദ്ധിമുട്ടി.

അമ്മക്കടുവ കൂടിനടുത്ത് നിലയുറപ്പിച്ചതായിരുന്നു പ്രതിസന്ധിക്ക് കാരണം. പിന്നീട് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെയും ജെസിബിയും എത്തിച്ചാണ് കൂട്ടിൽ നിന്ന് കടുവ കുഞ്ഞിനെ തുറന്നുവിട്ടത്. കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് വനപാലകർ രക്ഷപ്പെട്ടത്. ബത്തേരി ഏദൻവാലി എസ്റ്റേറ്റിൽ നിന്ന് ഈയടുത്ത് 14 വയസ് പ്രായമുള്ള പെൺകടുവയെ വനം വകുപ്പ് കൂട് വെച്ച് പിടികൂടിയിരുന്നു. ഈ കടുവ ഇപ്പോൾ ബത്തേരിയിലെ കടുവ പരിപാലന കേന്ദ്രത്തിലാണ്.

വയനാട് വന്യജീവി സങ്കേതത്തിലടക്കം കടുവകളെയും പുലികളുടെയും എണ്ണം വർധിച്ചിട്ടുണ്ട്. കാട്ടിൽ കടുവകൾ തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടിലിൽ ടെറിറ്ററിയിൽ നിന്ന് പുറത്താകുന്നവയും പരിക്കേറ്റ് ഇരതേടാൻ കഴിയാത്ത കടുവകളുമാണ് ജനവാസമേഖലയിലേക്ക് എത്തുന്നതെന്നാണ് നിഗമനം. മിക്കവയുടെയും വിവരങ്ങൾ വനം വകുപ്പിന്‍റെ കടുവ സെൻസസിൽ ഉൾപ്പെട്ടതാണ്. ജനവാസ മേഖലയിലിറങ്ങുന്ന കടുവകളെ പിടികൂടുന്നതിന് കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. നാട്ടുകാർ വലിയ പ്രതിഷേധം ഉയർത്തുന്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരും വെട്ടിലാവുകയാണ്.

 

ബത്തേരിയിൽ മധ്യപ്രദേശ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് കാടുമൂടി കിടക്കുകയാണ്. ഇത് കടവകളുടെ വിഹാരകേന്ദ്രമായി മാറാൻ സഹായിക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. സംസ്ഥാന സർക്കാർ ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ജില്ലയിലെ മിക്ക മേഖലകളിലും കാട്ടാന ശല്യവും രൂക്ഷമാണ്. കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചത് മൂലം ഒട്ടനവധി കർഷകരാണ് കടകെണിയിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe