കടൽ അപകടം; പ്രത്യേക യോഗം വിളിക്കാൻ വടകര താലൂക്ക് വികസന സമിതി

news image
Mar 4, 2023, 2:50 pm GMT+0000 payyolionline.in
വടകര: കടലിൽ നടക്കുന്ന അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം  വിളിച്ചു ചേർക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കെ കെ രമ എംഎൽഎ യുടെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗമാണ് വിളിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വടകര തീരത്തെ കടലിൽ മാത്രം അഞ്ച് ജീവനുകൾ പൊലിഞ്ഞു. ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കായി  ആശ്രയിക്കാൻ കഴിയുന്ന  സംവിധാനത്തിന്റെ അപര്യാപ്തത സമിതി അംഗം  പി പി രാജനാണ് ഉന്നയിച്ചത്. ചോമ്പാൽ ഹാർബർ കേന്ദ്രീകരിച്ച് ഒരു സ്ഥിരം റെസ്ക്യൂ ബോട്ട് സംവിധാനം  ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
പുത്തൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറിയോട് ചേർന്നുള്ള നഗരസഭ സ്റ്റേഡിയത്തിൽ കെട്ടിടം പണിയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.  സ്കൂളിന് കെട്ടിടം പണിയാൻ വേറെയും സ്ഥലമുണ്ടായിരിക്കെ കായിക പ്രേമികളുടെയും കായിക താരങ്ങളുടെയും സ്വപ്‌നങ്ങൾ തകർക്കുന്ന ഇത്തരം നീക്കം ഉപേക്ഷിക്കണമെന്ന് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാലയും പുറന്തോടത്ത് സുകുമാരനും ആവശ്യപ്പെട്ടു. സർക്കാർ നീക്കത്തിന് വിരുദ്ധമായി കളിസ്ഥലം തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി യോഗത്തിൽ ആരോപണമുയർന്നു.
വടകരയിൽ റവന്യൂ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി തലയോഗം അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് കെ കെ രമ എംഎൽഎ യോഗത്തിൽ പറഞ്ഞു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സമിതി അംഗം പി സുരേഷ് ബാബു ആവശ്യപ്പെട്ടു.ജില്ല പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എം എം വിമല അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, പുറന്തോടത്ത് സുകുമാരൻ, ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല,പി  എം മുസ്തഫ, ടി വി ബാലകൃഷ്ണൻ, സി കെ കരീം, എൻ കെ സജിത്ത്, ബാബു പറമ്പത്ത് തഹസിൽദാർ കെ. ഷിബു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe