കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീയിട്ട കേസിലെ പ്രതി തൊട്ടടുത്ത വനിതാ കോച്ചിനും തീയിടാൻ ശ്രമിച്ചു. റിമാൻഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടപ്പോഴാണ് അന്വേഷണ സംഘത്തിനു മുമ്പാകെ ഇങ്ങനെ മൊഴി നൽകിയത്. പ്രതി ആദ്യം നൽകിയ മൊഴിയിൽനിന്ന് വ്യത്യസ്തമാണിത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാം യാർഡിൽ നിർത്തിയിട്ട ട്രെയിനിന്റെ മൂന്നാമത്തെ ജനറൽ കോച്ചാണ് ജൂൺ ഒന്നിന് പുലർച്ച ഒന്നരയോടെ കത്തി നശിച്ചത്. ഈ കോച്ചിന് തീയിട്ട ശേഷമാണ് പ്രതി തൊട്ടടുത്ത വനിതാ കോച്ചിൽ കയറിയത്. ഈ കോച്ചിലെ ശുചിമുറിയുടെ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. ജനറൽ കോച്ചിൽ തീ ആളിപ്പടരുന്നത്കണ്ട് ആളുകൾ തടിച്ചുകൂടിയതോടെ വനിതാ കോച്ച് തീയിടാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ വനിതാ കോച്ചിലും എത്തിച്ച് തെളിവെടുത്തു.
അതിനിടെ, വെറും തീപ്പെട്ടി ഉപയോഗിച്ചാണ് തീയിട്ടതെന്ന കാര്യത്തിൽ ദുരൂഹത ശക്തമാണ്. ബീഡി വലിക്കുന്ന ശീലമുള്ള പ്രതി കൈയിൽ കരുതുന്ന തീപ്പെട്ടി ഉപയോഗിച്ച് തീയിട്ടതാണെന്നാണ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ആദ്യം നൽകിയ പല മൊഴികളും പിന്നീട് ഇയാൾ മാറ്റിപ്പറയുന്നുണ്ട്. ഇന്ധനമൊന്നും ഉപയോഗിക്കാതെ ട്രെയിനിന് തീവെച്ച കാര്യത്തിലും കൂടുതൽ ചോദ്യംചെയ്യുന്നതോടെ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊൽക്കത്ത സ്വദേശിയായ പ്രതി ഒന്നര വർഷം മുമ്പാണ് നാടുവിട്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭിക്ഷാടനം പതിവാക്കിയ പ്രതിക്ക് ആ വഴിക്കുള്ള വരുമാനം കുറഞ്ഞതിലുള്ള മാനസിക വിഭ്രാന്തിയാണ് തീയിടാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
പ്രതിയെ കോച്ചിലെത്തിച്ച് തെളിവെടുത്തു
കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീയിട്ട കേസിലെ പ്രതി പശ്ചിമ ബംഗാൾ സ്വദേശി പ്രസോൺജിത് സിക്ദറിനെ (40) റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു. തീയിട്ട കോച്ചിലും പ്രതി നടന്നുവന്ന ട്രാക്കുകളിലും അന്വേഷണ സംഘം തെളിവെടുത്തു. അസി. കമീഷണർ ടി.കെ. രത്നാകരൻ, ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
കനത്ത സുരക്ഷയിൽ വ്യാഴാഴ്ച വൈകീട്ട് 4.50നാണ് പ്രതിയുമായി അന്വേഷണസംഘം റെയിൽവേ സ്റ്റേഷനിലെത്തിയത്. തെളിവെടുപ്പ് അരമണിക്കൂറോളം നീണ്ടു. വ്യാഴാഴ്ച രാവിലെയാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈമാസം 15വരെ പ്രതി കസ്റ്റഡിയിൽ തുടരും.