കര്‍ണാടക മതപരിവര്‍ത്തന നിരോധന ബില്‍ നിയമനിര്‍മ്മാണ കൗണ്‍സിലില്‍; എതിര്‍ത്ത് കോണ്‍ഗ്രസ്

news image
Sep 15, 2022, 2:03 pm GMT+0000 payyolionline.in

ബെംഗളൂരു:  കര്‍ണാടക മതപരിവര്‍ത്തന നിരോധന ബില്ല് നിയമനിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ചര്‍ച്ച തുടങ്ങി. ലഖിംപുര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബില്ല് നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ 42 അംഗങ്ങളുള്ള ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നടപടി.

ബില്ല് നേരത്തെ നിയമസഭ പാസാക്കിയിരുന്നു. നേരത്തെ നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ഒരംഗത്തിന്‍റെ കുറവുണ്ടായിരുന്നു ബിജെപിക്ക്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനനന്‍സ് ആക്കി പാസാക്കിയത്. 2021ൽ കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ പാസാക്കിയിരുന്നു. എന്നാൽ, നിയമസഭാ സമ്മേളനം നീട്ടിവച്ച സാഹചര്യത്തിൽ ബിൽ ഓർഡിനൻസാക്കി. അതേസമയം ഓർഡിനൻസ് പുറപ്പെടുവിച്ച് നിയമം പാസാക്കാൻ തിടുക്കമെന്തായിരുന്നെന്ന് പ്രതിപക്ഷം ചോദിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലോ വികസന പദ്ധതികൾ നടപ്പാക്കുന്നതിലോ ഒക്കെയാണ് ഓർഡിനൻസ് അവതരിപ്പിക്കേണ്ടതെന്ന് പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ വിമർശിച്ചു.

പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം.  കൂട്ട മതപരിവർത്തനത്തിന് പത്തു വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷം ആദ്യം മുതലേ ആരോപിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe