കല്ലമ്പലം പള്ളിക്കലിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

news image
Jul 30, 2023, 3:53 am GMT+0000 payyolionline.in

 

കല്ലമ്പലം ∙ പള്ളിക്കലിൽ വിവാഹ വിരുന്നിനു ബന്ധുവീട്ടിൽ എത്തിയപ്പോൾ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കൽ കുമ്മിൾ ചോനാമുകൾ വീട്ടിൽ സിദ്ദിഖ് (27), ഭാര്യ കാരായിൽക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധു കൂടിയായ പള്ളിക്കൽ മൂതല ഇടവേലിക്കൽ വീട്ടിൽ സെയ്നുലാബ്ദീൻ–ഹസീന ദമ്പതികളുടെ മകൻ അൻസൽഖാന്റെ (22) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു.

പള്ളിക്കൽ പഞ്ചായത്ത് പകൽക്കുറി മൂതല റോഡിൽ താഴെ ഭാഗം പള്ളിക്കൽ പുഴയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ 16നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. ഇരുവരും പള്ളിക്കലിലെ ബന്ധുവായ അൻസൽ ഖാന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. കൊല്ലം ഇളമാട് പഞ്ചായത്തിൽ നിന്നു വിവാഹം റജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണു ദമ്പതികൾ ഇന്നലെ ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്.

ഉച്ചയൂണിനു ശേഷം ഇവർ രണ്ട് ബൈക്കുകളിലായി പള്ളിക്കൽ പുഴയോരത്ത് എത്തി. തുടർന്ന് അവിടെ സെൽഫിയെടുക്കുകയും വെള്ളത്തിൽ ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. സന്ധ്യയോടെ വല വീശാനെത്തിയ പള്ളിക്കൽ സ്വദേശി ചെരിപ്പും വാഹനവും കണ്ടു. ഉടൻ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.

തുടർന്നുള്ള തിരച്ചിലിലാണ് അൻസൽ ഖാന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും മറ്റുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടർന്നു. കാലവർഷം കഴിഞ്ഞുള്ള ശക്തമായ ഒഴുക്കും ചുഴികളും നിറഞ്ഞ ഭാഗമായതിനാൽ രാത്രിയിലെ തിരച്ചിൽ ദുഷ്കരമായിരുന്നു. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe