കാട്ടാന ആക്രമണം: ഇടുക്കിയിൽ അസാധാരണ സാഹചര്യമെന്ന് വനംമന്ത്രി

news image
Jan 31, 2023, 10:30 am GMT+0000 payyolionline.in

പത്തു ദിവസമായി ഇടുക്കിയിൽ അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാർഡ് ശക്തിവേലിന്റെ അവിവാഹിതയായ മകൾക്ക് ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കട കാട്ടാന തകർത്ത സാഹചര്യത്തിൽ വീടുകളിൽ റേഷൻ എത്തിക്കാൻ ശ്രമിക്കുമെന്നും ഇതിനായി നാളെ ജനപ്രതിനിധികളുടെ യോഗം ഇടുക്കി ജില്ലാ കളക്ടർ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിന്‍റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ശക്തിവേലിന്റെ മകൾക്ക് ജോലി നൽകുന്നതിന് പുറമെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ നിരീക്ഷിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നുള്ള സംഘം ഇടുക്കിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ശക്തിവേലിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെങ്കിൽ, കുറ്റക്കാർക്കെതിരെ നടപടി എടുക്കും. സോളാർ ഫെൻസിങ് സ്‌ഥാപിക്കുന്ന നടപടികൾ ഉടൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

കാട്ടാനകളുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. വനം വകുപ്പ് ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെകളിൽ കണ്ട വനം ഉദ്യോഗസ്ഥരെയാകില്ല നാളെ കാണുക. സർക്കാർ ഭൂമിയിൽ നിന്ന് മരം വെട്ടിയ കേസിൽ അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിനെ തിരിച്ചെടുത്ത സംഭവത്തിൽ വിഷയം പ്രത്യേകമായി പഠിച്ചിട്ടില്ല. സസ്പെൻഷന് ഒരു കാലയളവുണ്ട്. സസ്പെൻഷനിൽ ഇരുന്ന് വെറുതെ ശമ്പളം വാങ്ങണോയെന്ന് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. മണ്ണാർക്കാട് വീണ്ടും പുലിയെ കണ്ട സംഭവത്തിൽ ചോദ്യത്തോട് ഒരു കാട്ടിൽ ഒരു പുലി മാത്രമല്ല ഉണ്ടാവുകയെന്നായിരുന്നു മന്ത്രിയുടെ മറുപടി. വന്യ മൃഗങ്ങളുടെ ആക്രമണം പൂർണമായി അവസാനിക്കുന്ന പ്രശ്നമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe