കിഴൂര്‍ ആറാട്ട് മഹോത്സവത്തിന് ഞായറാഴ്ച കൊടിയേറും

news image
Dec 8, 2022, 2:50 pm GMT+0000 payyolionline.in

പയ്യോളി: വടക്കെമലബാറിലെ പ്രസിദ്ധമായ കിഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവും കന്നുകാലി ചന്തയും ഡിസംബര്‍ 11 മുതല്‍ 16 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍11 ന് പകല്‍ 11 മണിക്ക് നടക്കുന്ന ദ്രവ്യകലശാഭിഷേകത്തിന് ശേഷം വൈകീട്ട് 7 മണിക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 8 മണിക്ക് ശ്രീനന്ദ് വിനോദ് നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

ഡിസംബര്‍ 12ന് വിളക്ക്ദിവസം കാലത്ത് 7.30ന് കാളയെ ചന്തയില്‍ കടത്തികെട്ടല്‍ ചടങ്ങ് നടക്കും. 10 മണിക്ക് മൂഴിക്കുളം രാഹുല്‍ ചാക്യാരുടെ ചാക്യാര്‍കൂത്ത്, വൈകീട്ട് 6.30ന് നിളാനാഥ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 7.30ന് ഹിറ്റ് മെഗാഷോ – ജാനുഏടത്തിയും കേളപ്പേട്ടനും രാത്രി 9.30ന് സദനം സുരേഷ് കുമാറിന്‍റെ തായമ്പക നടക്കും
ഡിസംബര്‍ 13ന് ചെറിയവിളക്ക് ദിവസം കാലത്ത് 10 മണിക്ക് കലാമണ്ഡലം അനൂപിന്‍റെ പാഠകം, 11 മണിക്ക് വലിയവട്ടളം പായസനിവേദ്യം, വൈകീട്ട് 6.30ന് സുസ്മിതാ ഗിരീഷിന്‍റെ ‘ഗസ്സല്‍ സന്ധ്യ’. രാത്രി 9.30ന് അത്താലൂര്‍ ശിവന്‍റെ തായമ്പക എന്നിവ നടക്കും.


ഡിസംബര്‍ 14ന് വലിയവിളക്ക് ദിവസം കാലത്ത് 10 മണിക്ക് അക്ഷരശ്ലോകസദസ്സ്, വൈകീട്ട് 6.30ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരും സംഘവും അവതരിപ്പിക്കുന്ന സാംമ്പ്രദായിക് ഭജന്‍സ്. രാത്രി 9.30ന് കാഞ്ഞിലശ്ശേരി വിനോദ്& വിഷ്ണുപ്രസാദ് എന്നിവരുടെ ഇരട്ടതായമ്പക.
ഡിസംബര്‍ 15ന് പള്ളിവേട്ട ദിവസം കാലത്ത് 10ന് കലാമണ്ഡലം സുരേഷ് കാളിയത്തിന്‍റെ ഓട്ടംതുള്ളല്‍, വൈകിട്ട് 4 മണിക്ക് നിലക്കളിവരവ്, തിരുവായുധം വരവ്, 6.30ന് തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ഭജനമണ്ഡലിയുടെ ഭക്തിഗാന സുധ, രാത്രി 8 മണിക്ക് പള്ളിവേട്ടക്ക് എഴുന്നളിപ്പ്. ഡിസംബര്‍ 16ന് ആറാട്ട് ദിവസം രാവിലെ 9 മണിക്ക് മുചുകുന്ന് പത്മനാഭന്‍റെ ഓട്ടംതുള്ളല്‍, വൈകീട്ട് 3.30ന് കലാമണ്ഡലം സന്ദീപും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യമേളം, 4.30ന് കുടവരവ്, തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, തുടര്‍ന്ന് തണ്ടാന്‍റെ കാരക്കെട്ട് വരവ് എന്നിവ നടക്കും. വൈകിട്ട് 6.30ന് കൊങ്ങന്നൂര്‍ എഴുന്നള്ളത്ത് എത്തിച്ചേരുന്നതോടെ ആറാട്ട് എഴുന്നളത്ത് നടക്കും. രാത്രി 8.30ന് ഇലഞ്ഞികുളങ്ങരയില്‍ പിലാത്തറമേളവും തുടര്‍ന്ന് കിഴൂര്‍ ചൊവ്വവയലില്‍ കരിമരുന്ന് പ്രയോഗവും നടക്കും. 11 മണിക്ക് എഴുന്നള്ളത്ത് പൂവെടിത്തറയില്‍ എത്തിച്ചേരുന്നതോടെ മേളം, പഞ്ചവാദ്യം, കേളിക്കൈ, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവയ്ക്ക് ശേഷം പ്രസിദ്ധമായ പൂവെടി നടക്കും. പുലര്‍ച്ചെ 2 മണിക്ക് കണ്ണംകുളത്തില്‍ പൂര്‍ണ്ണവാദ്യമേളസമേതം കുളിച്ചാറാടിക്കലിന് ശേഷം എഴുന്നളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തി ഉത്സവം കൊടിയിറങ്ങുന്നു.


ഉത്സവദിവസങ്ങളില്‍ എല്ലാ ദിവസവും കാലത്തും വൈകീട്ടും കാഴ്ചശീവേലിയും ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ടായിരിക്കുന്നതാണ്. പത്രസമ്മേളനത്തില്‍ പാരമ്പര്യ ട്രസ്റ്റി, ഫിറ്റ്പേഴ്സണ്‍ കെ.ടി.സദാനന്ദന്‍ അടിയോടി, ഉത്സവാഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ.പി.രമേശന്‍ , ജനറല്‍ കണ്‍വീനര്‍ കെ.വി.കരുണാകരന്‍ നായര്‍, മുന്‍ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ആഘോഷകമ്മിറ്റി ട്രഷററുമായ കെ.പ്രകാശന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് കോമത്ത് എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe