കീഴ്പ്പയ്യൂരിന് നഷ്ടമായത് കലകളെ നെഞ്ചോടുചേർത്ത കലാകാരനെ

news image
Sep 20, 2022, 5:36 am GMT+0000 payyolionline.in
കൊയിലാണ്ടി: കീഴ്പ്പയ്യൂരിന് നഷ്ടമായത് അപൂർവ്വ കലാകാരനെ. കഥകളി , നൃത്ത രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച നാടിന് അഭിമാനമായിരുന്ന കലാകരന്റെ വിയോഗം വേദനയായി. ചെറുപ്പത്തിൽ തന്നെ കീഴ്പയ്യൂർകുനിയിൽ പരദേവതാ ക്ഷേത്ര അഗ്ര ശാലയിൽ കഥകളി അഭ്യസിച്ച ബാലൻ നായർ വളർച്ചയുടെ പടവുകൾ കയറുമ്പോൾ മേപ്പയ്യൂർ ബാലൻ നായർ എന്നറിയപ്പെട്ടു.
ആരംഭകാലത്ത് തന്നെ കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ അരുമ ശിഷ്യനായി മാറിയ ബാലൻ നായർ പിന്നീട് ദീർഘകാലം അദ്ധേഹത്തോടൊപ്പം നിരവധി വേദികൾ പങ്കിട്ടു. ചേമഞ്ചേരി പുരുഷ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ തുല്യ പ്രാധാന്യമുള്ള സ്ത്രീവേഷം ബാലൻ നായർ ചേമഞ്ചേരിയുടെ മരണം വരെ മറ്റാർക്കും വിട്ടു കൊടുത്തിരുന്നില്ല.
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ തന്റെ നൂറാം വയസ്സിൽ കീഴ്പ്പയ്യൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിൽ ദുര്യോദന വധത്തിലെ ഒരു ഭാഗം നിറഞ്ഞാടിയപ്പോൾ ശ്രീകൃഷ്ണനായ കുഞ്ഞിരാമൻ നായർക്കൊപ്പം പാഞ്ചാലിയായി ജനത്തെ ത്രസിപ്പിക്കാൻ ബാലൻ നായരും ഉണ്ടായിരുന്നു.കഥകളിക്കൊപ്പം നൃത്തവും ബാലൻ നായർക്ക് നന്നായി വഴങ്ങുന്ന കലയായിരുന്നു. ദീർഘകാലം പൂക്കാട് കലാലയത്തിലും കീഴ്പ്പയ്യൂർ സമന്വയ സാംസ്കാരിക വേദിയിലും നൃത്ത അധ്യാപകനായി പ്രവർത്തിച്ച ബാലൻ നായർക്ക് ആ മേഖലയിൽ ആയിരക്കണക്കിന് ശിഷ്യഗണഞ്ഞളുണ്ട് കുനിയിൽ പരദേവതാ ക്ഷേത്രം ഭാരവാഹിയായും സമന്വയ സാംസ്കാരിക വേദിയുടെ ഉപദേശകനായും നാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞ് നിന്ന ആ കലാകാരന് നാടിന്റെ അന്ത്യാഞ്ജലികൾ അർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe