കുവൈത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്

news image
Sep 19, 2022, 7:01 am GMT+0000 payyolionline.in

കുവൈത്ത് സിറ്റി: കുവൈത്തിൽ കച്ചവട സ്ഥാപനങ്ങൾ അര്‍ധരാത്രിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്. ഫാര്‍മസികൾക്കും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്കും മാത്രമാണ് അര്‍ദ്ധരാത്രിക്ക് ശേഷം പ്രവര്‍ത്തിക്കാൻ അനുമതി. കുവൈത്ത് മുൻസിപ്പാലിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിര്‍ദേശം ഇറക്കിയത്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തു.

രാജ്യത്തെ താമസ മേഖലകളിലെ ശാന്തതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം കൊണ്ടു വന്നിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. സ്റ്റോറുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകളിലെ റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇതുപ്രകാരം നിയന്ത്രണമുണ്ട്. കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, പബ്ലിക് ട്രാന്‍സ്‍പോര്‍ട്ട് സ്റ്റോപ്പുകള്‍, കൊമേഴ്സ്യല്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളും അര്‍ദ്ധരാത്രി അടയ്ക്കണം.

കോഓപ്പറേറ്റീവുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും മാത്രമാണ് ഇളവുകളുള്ളത്. മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധനയില്‍ ഇളവ് വേണമെങ്കില്‍ അതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. താമസ മേഖലകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് പുറമെ തെറ്റായ പ്രവണതകളില്‍ നിന്ന് യുവതലമുറയെ തടയാന്‍ കൂടിയാണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്നും മുനിസിപ്പാലിറ്റി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe