കൂറുമാറി എത്തിയവർക്ക് മന്ത്രിസ്ഥാനം; ഗോവയിൽ മന്ത്രിസഭാ വികസനം ഉടനുണ്ടാവും, മുഖ്യമന്ത്രി ഗവർണറെ കണ്ടു

news image
Sep 15, 2022, 7:52 am GMT+0000 payyolionline.in

പനാജി: ഗോവയിൽ കൂറുമാറി എത്തിയവർക്ക് മന്ത്രിസ്ഥാനം. ഗോവയിൽ മന്ത്രിസഭാ വികസനം ഉടനുണ്ടാവും എന്നാണ് പുറത്ത് വരുന്ന സൂചന. മൈക്കിൾ ലോബോ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പ്രമോദ് ഗവർണർ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞ തീയതി അടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയില്‍ ചർച്ചയായി.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഗോവയിൽ കോൺഗ്രസിന് വൻ തിരിച്ചടി നേരിട്ടത്. ആകെയുള്ള 11 എംഎൽമാരിൽ 8 പേരും കൂറുമാറി ബിജെപിയിൽ ചേരുകയായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന മൈക്കൾ ലോബോയുടെ നേതൃത്വത്തിലായിരുന്നു നീക്കം. പണവും അധികാരവും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം.

ബിജെപിയിൽ ചേർന്നതിന് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ദിഗംബർ കാമത്തിനോട് ഈ സത്യം ചെയ്യലിനെക്കുറിച്ച് ചോദ്യമുണ്ടായി. ദൈവത്തിന്‍റെ സമ്മതം വാങ്ങിയാണ് കൂറ് മാറിയതെന്നായിരുന്നു മറുപടി. അങ്ങനെ 40 അംഗ നിയമ സഭയിൽ കോൺഗ്രസ് 3 പേരിലേക്ക് ചുരുങ്ങി. കൂറ് മാറ്റ നിരോധന നിയമം മറികടക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് പേർ, അതായത് എട്ട് പേർ ഒരുമിച്ച് ബിജെപിയിൽ ലയിച്ചു.

ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ വടക്കൻ ഗോവയിലെ കരുത്തനായ നേതാവാണ് മൈക്കൾ ലോബോ. ഭാര്യയ്ക്ക് സീറ്റ് നൽകിയ കോൺഗ്രസ് ഫലം വന്ന ശേഷം അദ്ദേഹത്തെ പ്രതിപക്ഷ നേതാവുമാക്കി. ആ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു രണ്ട് മാസം മുൻപ് അദ്ദേഹം തുടങ്ങി വച്ച വിമത നീക്കം. എട്ട് എംഎൽഎമാരെ ഒപ്പം നിർ‍ത്താൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇതേ തുടർന്ന് ലോബോയെയും വിമ നീക്കത്തിൽ ഒപ്പം നിന്ന ദിഗംബ‍ർ കാമത്തിനെയും അയോഗ്യരാക്കണമെന്ന് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകി. പക്ഷെ തീരുമാനം നീട്ടിക്കൊണ്ട് പോവുകയായിരുന്നു സ്പീക്കർ ചെയ്തത്. പണം ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയെ ബിജെപി ഭയക്കുന്നതിന്‍റെ സൂചനയാണിതെന്നാണ് ജയറാം രമേശും പ്രതികരിച്ചത്. കോൺഗ്രസ് ജോഡോ യാത്രയാണ് നടക്കുന്നതെന്നായിരുന്നു ഗോവാ മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്‍റെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe