കെജ്രിവാളിന് 25,000 രൂപ പിഴ ; മോദിയുടെ ബിരുദത്തെ കുറിച്ച് വിവരം കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈകോടതി

news image
Mar 31, 2023, 12:43 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈകോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016ൽ ഗുജറാത്ത് സർവകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈകോടതി റദ്ദാക്കിയത്. വിവരങ്ങൾ നൽകേണ്ടത് ആവശ്യമില്ലെന്ന് പറഞ്ഞ കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ചുമത്തി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേൻ വൈഷ്‌ണവ് ആണ് വിധി പുറപ്പെടുവിച്ചത്. നോട്ടീസ് നൽകാതെയാണ് സി.ഐ.സി ഉത്തരവിട്ടതെന്ന് കാണിച്ചാണ് നടപടി. ഫെബ്രുവരി ഒമ്പതിന് കക്ഷികളെ വിശദമായി കേട്ടതിന് ശേഷം വിധി പറയാൻ മാറ്റിവെച്ചതായിരുന്നു കേസ്.

2016 ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ അപേക്ഷകനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ നിർദേശം നൽകിയത്.

എന്നാൽ വിശദാംശങ്ങൾ കൈമാറുന്നത് മോദിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഗുജറാത്ത് സർവകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe