കെ.എസ്.എഫ്.ഇ നിക്ഷേപ തട്ടിപ്പ്; കലക്ഷൻ ഏജന്റായ യുവാവ് അറസ്റ്റിൽ

news image
Oct 12, 2022, 4:43 am GMT+0000 payyolionline.in

വൈത്തിരി: കെ.എസ്.എഫ്.ഇ വൈത്തിരി ശാഖയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പു നടത്തിയ കേസിൽ തളിപ്പുഴ സ്വദേശിയായ യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പുഴ ചെലിക്കൽ വീട്ടിൽ മുഹമ്മദ് ഷഹിലാസ് ഫെബിൻ(32) ആണ് ഇന്നലെ അറസ്റ്റിലായത്. സ്ഥാപനത്തിലെ താൽക്കാലിക കലക്ഷൻ ഏജന്റ് ആയിരുന്നു ഫെബിൻ. 2019 ഡിസംബർ മുതൽ രണ്ടു വർഷ കാലയളവിൽ 60 ലക്ഷത്തിലധികം രൂപ ഉപഭോക്താക്കളിൽനിന്നും ശേഖരിച്ചുവെങ്കിലും തുക ധനകാര്യ സ്ഥാപനത്തിൽ അടക്കാതെ തട്ടിപ്പു നടത്തി.

ഈ കാലയളവിൽ വിവിധ ഘട്ടങ്ങളിലായി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നാല് മാനേജര്മാരോ സ്ഥാപനത്തിലെ ജീവനക്കാരോ അറിയാതെയാണ് തട്ടിപ്പു നടത്തിയതെന്നാണ് പറയപ്പെടുന്നത്. കേസിൽ ജീവനക്കാര്ക്കു പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പണം അക്കൗണ്ടിൽ വരവ് വെക്കാതിരുന്നിട്ടും കെ.എസ്.എഫ്.ഇയുടെ ഭാഗത്തുനിന്നും യാതൊരു അന്വേഷണവും വന്നില്ല എന്ന് മാത്രമല്ല, പണം സമയത്തിന് അടച്ചില്ലെന്നു കാണിച്ചു സ്ഥാപനത്തിൽ നിന്നും ഉപഭോക്താക്കൾക്കു മുന്നറിയിപ്പ് ഭീഷണിയുമായി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എസ്. ഐ എം. വി. കൃഷ്ണൻ, എ. എസ്. ഐ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഫെബിനെ അറസ്റ്റ് ചെയ്തത്. കൽപ്പറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു വൈത്തിരി സബ് ജയിലിലടച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe