കേരളത്തിലെ 77 റെയില്‍വേ സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളാക്കും: റെയില്‍വേ മന്ത്രി  അശ്വനി വൈഷ്ണവ്

news image
Dec 23, 2022, 3:57 pm GMT+0000 payyolionline.in

ന്യൂഡൽഹി: 2023 ജൂണോടെ കേരളത്തിലെ 77 റെയില്‍വേ സ്‌റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി ഉയര്‍ത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. രാജ്യസഭാംഗം ഡോ.പി.ടി. ഉഷയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. കേരളത്തില്‍ ആദര്‍ശ് സ്റ്റേഷന്‍ പദ്ധതി പ്രകാരം 77 സ്റ്റേഷനുകള്‍ വികസനത്തിനായി കണ്ടെത്തി. ഇതില്‍ 71 സ്റ്റേഷനുകള്‍ ഈ പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ള ആറ് സ്റ്റേഷനുകള്‍ 2023 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, ആധുനികവത്കരണം എന്നിവ തുടര്‍ച്ചയായി നടന്നുവരികയാണ്. ഓരോ വികസന പ്രവര്‍ത്തനങ്ങളും അനുവദിക്കുമ്പോഴും കേരളത്തിലെ  പ്രധാന സ്റ്റേഷനുകള്‍ക്ക് മുന്‍ഗണന നൽകിയാണ് പ്രവർത്തങ്ങൾ നടത്തുന്നത് .

തുടര്‍ച്ചയായ നവീകരണ പ്രക്രിയയ്ക്ക് പുറമേ, സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനായി റെയില്‍വേ മന്ത്രാലയം സാങ്കേതിക- സാമ്പത്തിക സാധ്യതാ പഠനങ്ങളും നടത്തുന്നുണ്ട്. ഈ സാധ്യതാ പഠനങ്ങളുടെ ഫലത്തെ അടിസ്ഥാനമാക്കി, സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായി പുനര്‍വികസനത്തിനായി ഏറ്റെടുക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. കേരളത്തിലെ എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, കൊല്ലം, തിരുവനന്തപുരം എന്നീ നാലു റെയില്‍വേ സ്റ്റേഷനുകളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കണ്ടെത്തിയിരിക്കുന്നവയാണ്. കൂടാതെ, ചെങ്ങന്നൂര്‍, കോഴിക്കോട്, തൃശൂര്‍, വര്‍ക്കല സ്റ്റേഷനുകള്‍ക്കായുള്ള സാങ്കേതിക- സാമ്പത്തിക സാധ്യതാ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

മണ്ഡലകാലത്തു ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ജംഗ്ഷനുകളിൽ , കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുള്ള ഇൻഫർമേഷൻ കിയോസ്കും ,സ്റ്റേഷൻ പരിസരത്ത് നിന്ന് ബസ് സർവീസുകൾ നടത്താനുള്ള അനുമതിയും , ഹെൽപ്പ് ഡെസ്‌ക്കും പോലീസ് എയ്ഡ് പോസ്റ്റും, ചെങ്ങന്നൂരിലും കോട്ടയത്തും താൽക്കാലിക മെഡിക്കൽ എയ്ഡ് പോസ്റ്റ്, ശബരിമല ക്ഷേത്രത്തിലേക്കുള്ള വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിന് താൽക്കാലിക കൗണ്ടർ, ശബരിമല അയ്യപ്പ സേവാ സമാജം, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ ഹെൽപ്പ് ഡെസ്‌ക്കുകൾ, പ്രീ-പെയ്ഡ് ബൂത്തിനായുള്ള ആലപ്പുഴ ജില്ലാ കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് കിയോസ്‌ക്. കോട്ടയത്ത് മൂന്ന് നിലകളുള്ള തീർത്ഥാടന കേന്ദ്രം ലഭ്യമാണ്, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ അധിക ടിക്കറ്റ് കൗണ്ടറുകൾ, കൂടാതെ മറ്റ് ഡിവിഷനുകളിൽ നിന്നും ഉൾപ്പെടെ റെയിൽവേ  ജീവനക്കാരെ കൂടുതലായും  വിന്യസിപ്പിച്ചതായും മന്ത്രി അറിയിച്ചു .  മലയാളം,ഹിന്ദി , ഇംഗ്ലീഷ് ഉൾപ്പെടെ  മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ തീർഥാടകർക്കായി അന്നൗസ്മെന്റുകൾ നടത്തുന്നുമുണ്ട് .

വിവിധ മേഖലകളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ സൗകര്യം കണക്കിലെടുത്ത്, 248 പ്രത്യേക ട്രെയിനുകൾ കൊല്ലം – തിരുവനന്തപുരം – എറണാകുളം സെക്ഷനിൽ 15.11.2022 മുതൽ 18.01.2023 വരെ പതിവ് സർവീസുകൾക്ക് പുറമെ  സർവ്വീസ് നടത്തുന്നതായും , ചെങ്ങന്നൂർ-പമ്പ റെയിൽവേ സ്റ്റേഷന് ഇടയിലുള്ള പുതിയ റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേ  (75 കിലോമീറ്റർ) അനുവദിച്ചതായും . സർവേ കഴിയുന്ന സാഹചര്യത്തിൽ  പദ്ധതിയുടെ തുടർ തീരുമാനം ഉണ്ടാകുമെന്നും പി.ടി. ഉഷ എംപിയുടെ ചോദ്യത്തിന് മറുപടിയായി  മന്ത്രി സഭയെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe