കൊയിലാണ്ടിയിലെ പെട്രോൾ പമ്പുകളിൽ അഗ്നിരക്ഷാ സേന സുരക്ഷാ പരിശോധന നടത്തി

news image
Dec 7, 2022, 5:01 am GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടിയിലെ പെട്രോൾ പമ്പുകളിൽ അഗ്നിരക്ഷാ സേന സുരക്ഷാ പരിശോധന നടത്തി.  ജില്ലാ കലക്ടറുടെയും റീജണൽ ഫയർ ഓഫീസറുടെയും നിർദ്ദേശപ്രകാരമാണ്  കൊയിലാണ്ടി മേഖലയിലെ പെട്രോൾപമ്പുകളിൽ പരിശോധന നടത്തിയത്. പമ്പുകളിൽ അഗ്നിസുരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ എന്നും ഇത് ശരിയാംവണ്ണം പ്രവർത്തിക്കുന്നുണ്ടോ എന്നും ഉള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരുന്നു. പല പമ്പുകളിലും അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കാനുള്ള നിർദ്ദേശം നൽകി. ഇവിടങ്ങളിൽ ഉള്ള ജീവനക്കാർക്ക് എങ്ങനെ അഗ്നി സുരക്ഷ ഉപകരണങ്ങൾ പ്രവർത്തിക്കണം എന്നുള്ള ലഘുവായ അവബോധവും പരിശോധനക്കിടയിൽ നടത്തിവരുന്നു.
പരിശോധനയുടെ പ്രാധാന്യം വിളിച്ചോതുന്നതരത്തിൽ ആണ് ഇന്നലെ കൊയിലാണ്ടി രണ്ടു പെട്രോൾപമ്പുകളിൽ നടന്ന അപകടങ്ങൾ. ഇന്നലെ വൈകുന്നേരത്തോടു കൂടി കൊയിലാണ്ടി മുരളി പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വന്ന ബൈക്കിന് തീ പിടിക്കുകയും ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം തീ അണക്കാനും സാധിച്ചു. അഗ്നി സുരക്ഷ പരിശീലനം കിട്ടിയ ടൗൺ ജാഗ്രതാ സമിതി അംഗങ്ങളായ നൗഷാദ്, ഗോപാലകൃഷ്ണൻ എന്നിവരുടെ ഇടപെടലുകൾ അതിനു സഹായിച്ചു.
ഇന്നലെ വൈകുന്നേരത്തോടു കൂടി ചേമഞ്ചേരി പെട്രോൾപമ്പിൽ സിഎൻജി റീഫില്‍  ചെയ്യാനെത്തിയ ലോറിയിൽ ഗ്യാസ് ലീക്കായതിനെ തുടർന്ന് ആശങ്ക പടർന്നെങ്കിലും  ജീവനക്കാരുടെ ഇടപെടൽമൂലം അപകടം ഒഴിവായി.  ഈ രണ്ടു പമ്പുകളിലും വിവരം കിട്ടിയതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തുകയും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു. അഗ്നി സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന്റെയും പ്രവർത്തിപ്പിക്കുന്നതിലുള്ള അറിവും എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണ് എന്ന് ഇന്നലെ നടന്ന സംഭവങ്ങൾ അടയാളപ്പെടുത്തുന്നതായി സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മേഖലയിലെ പെട്രോൾ പമ്പിലെ ജീവനക്കാർക്ക് വിശദമായ അഗ്നി സുരക്ഷാ ക്ലാസുകൾ ഉടൻ നൽകുമെന്നും ഓഫീസർ പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe