കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് ദു:ഖകരം, സ്പീക്കർ പദവി പുതിയ റോൾ- എ.എൻ. ഷംസീർ

news image
Dec 5, 2022, 4:05 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്പീക്കർ പദവി പുതിയറോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നും സ്പീക്കർ എ.എൻ. ഷംസീർ. എന്നാൽ, ഈ പദവിയിലിരുത്ത് കൊണ്ട് ​കോടിയേരി ബാലകൃഷ്ണന്റെ ചരമോചാരം വായിക്കേണ്ടി വരുന്നത് ദു:ഖകരമാണ്. സഭ നല്ലരീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് വിശ്വാസമെന്നും ഷംസീർ പറഞ്ഞു. എം.ബി. രാജേഷ് മന്ത്രിയായ സാഹചര്യത്തിലാണ് ഷംസീർ സ്പീക്കർ പദവി​യിലെത്തിയത്. ആദ്യ നിയമസഭയാണിന്ന്. ഏറെ ശ്രദ്ധയാകർഷിക്കുന്ന സമ്മേളനമാണിന്ന് ആരംഭിക്കുന്നത്.

 

നിയമസഭാ സമ്മേളനത്തിന്റെ ആദ്യരണ്ടുദിവസം നാലുവീതം ബിൽ സഭ പരിഗണിച്ച്‌ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ അയക്കും. കേരള ഹൈക്കോടതി സർവീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ ആദ്യദിനമെത്തും. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം സംസ്ഥാന ജീവനക്കാരുടേതിന്‌ തുല്യമാക്കുകയാണ്‌ ഉദ്ദേശ്യം. 58 ആക്കണമെന്നാണ്‌ രജിസ്‌ട്രാറുടെ ശുപാർശ.

ഇരവിപുരം കശുവണ്ടി ഫാക്ടറിയുടെ 34.5 സെന്റ്‌ ഭൂമികൂടി ഏറ്റെടുക്കൽ പട്ടികയിൽപ്പെടുത്തുന്ന കേരള കശുവണ്ടി ഫാക്ടറികൾ (വിലയ്‌ക്കെടുക്കൽ) നിയമ ഭേദഗതി നിർദേശം അടങ്ങിയ ബിൽ, വെറ്ററിനറി സർവകലാശാലയിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ പട്ടികവിഭാഗ സംവരണ തോത്‌ മറ്റ്‌ സർവകലാശാലകൾക്ക്‌ തുല്യമാക്കാനുള്ള കേരള വെറ്ററിനറിയും ജന്തുശാസ്‌ത്രങ്ങളും സർവകലാശാല (ഭേദഗതി) ബിൽ, ബധിരരും മൂകരും കുഷ്‌ഠരോഗ ബാധിതരുമായവർക്ക്‌ ഖാദി ബോർഡ്‌ ഭരണസമിതിയിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക്‌ നീക്കാനായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ (ഭേദഗതി) ബിൽ എന്നിവയും ഇന്നു​ തന്നെ അവതരിപ്പിക്കും.

അബ്‌കാരി തൊഴിലാളി ക്ഷേമനിധിയിലെ തൊഴിലുടമയുടെ അംശദായ വിഹിതം ഉയർത്താനുള്ള തീരുമാനം ചൊവ്വാഴ്‌ച സഭ പരിഗണിക്കും. അനധികൃത മണൽ ഖനനത്തിന്‌ പിഴ ശിക്ഷ 25,000 രൂപയിൽനിന്ന്‌ അഞ്ചുലക്ഷം രൂപയാക്കി ഉയർത്തുന്ന കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ, ഭൂമിയുടെ ഉടമസ്ഥാവകാശ സാക്ഷ്യപത്രവുമായി ബന്ധപ്പെട്ട ലാൻഡ്‌ ട്രിബ്യൂണൽ ഉത്തരവിൽ അപ്പീൽ അവകാശം ഉറപ്പാക്കുന്ന കേരള ഭുപരിഷ്‌കരണ (ഭേദഗതി) ബിൽ, ഓട്ടോറിക്ഷാ തൊഴിലാളികൾക്കും മോട്ടോർ വാഹനത്തൊഴിലാളി ക്ഷേമനിധിയിൽ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന കേരള മോട്ടോർ ട്രാൻസ്‌പോർട്ട്‌ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയും ചൊവ്വാഴ്‌ച അവതരിപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe