കോവിഡ്‌: ഓക്‌സിൻ ലഭ്യത ഉറപ്പാക്കൽ കേരളം മാതൃക തീർത്തെന്ന്‌ ലോകാരോഗ്യസംഘടന

news image
Sep 13, 2022, 3:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: കോവിഡ്‌ പ്രതിസന്ധികാലത്ത്‌ ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനായ സംസ്ഥാനമാണ്‌ കേരളമെന്ന്‌ ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്‌. “കോവിഡ്‌ പകർച്ചവ്യാധി: ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ തെക്കു-കിഴക്കൻ ഏഷ്യൻ മേഖല നടപ്പാ‌ക്കിയ പദ്ധതികളും സ്വായക്തമാക്കിയ പാഠങ്ങളും’ എന്ന പേരിൽ ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌. കേരളത്തിന്‌ പുറമെ മഹാരാഷ്‌ട്ര, ഒഡീഷ, രാജസ്ഥാൻ, ഡൽഹി എന്നിവയും റിപ്പോർട്ടിന്റെ ഭാഗമാണ്‌.

രാജ്യത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ രോഗികളുണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനമായിട്ടും കോവിഡ്- പ്രതിസന്ധി മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കേരളത്തിനായി. മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത പ്രവചിച്ച്‌ അവിശ്വസനീയമായ തരത്തിൽ നേരത്തെതന്നെ ഇടപെടലുകർ ആരംഭിക്കാൻ കേരളത്തിന് കഴിഞ്ഞു. മെഡിക്കൽ ഓക്‌സിജൻ കൊണ്ടുപോകാനും സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സിലിണ്ടറുകൾ അധികമയായി സ്വരൂപിച്ചാണ്‌ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. വ്യാവസായിക ഓക്‌സിജൻ സിലിണ്ടറുകളെ മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകളാക്കി മാറ്റി. ആദ്യ കോവിഡ്- കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത്‌ നാല് മാസത്തിനുള്ളിൽ അധികമായുള്ള വ്യാവസായിക ഓക്‌സിജൻ സിലിണ്ടറുകൾ മെഡിക്കൽ സിലിണ്ടറുകളാക്കി മാറ്റണമെന്ന്‌ പെസൊ നിർമാതാക്കളെ അറിയിച്ചതും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ ഉൽപ്പാദന യൂണിറ്റുകളും വിതരണ യൂണിറ്റുകളും തമ്മിലുള്ള ദൂരം അടിസ്ഥാനമാക്കി മൂന്ന് ബഫർ സ്റ്റോറേജ്‌ ഹബുകൾ രൂപീകരിച്ചാണ്‌ സംസ്ഥാനം പ്രവർത്തിച്ചത്‌. ഇത്തരത്തിൽ 60 മെട്രിക് ടൺ അധിക മെഡിക്കൽ ഓക്സിജൻ സംഭരണശേഷി സംസ്ഥാനത്തിനുണ്ടായി. ഇങ്ങനെ 1325 മെട്രിക് ടൺ ദ്രാവക ഓക്‌സിജൻ എന്ന മികച്ച സംഭരണ ​​ശേഷിയിലേക്ക് കേരളമെത്തി. ജില്ലകളിലൊട്ടാകെ വാർ റൂമുകൾ സ്ഥാപിച്ച്‌ ആവശ്യക്കാരായ രോഗികൾക്കെല്ലാം ഓക്‌സിജൻ എത്തിച്ചു. കോവിഡ്‌ രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്‌‌സിജന്റെ ആവശ്യകതയിലും വിതരണത്തിലും രാജ്യം വലിയ പ്രതിസന്ധി നേരിട്ടപ്പോൾ കേരളത്തിൽ ഓക്‌സിജന്റെ അധിക സംഭരണമുണ്ടായിരുന്നു. ഗോവ, കർണാടക, തമിഴ്‌നാട്‌ അടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌ ഓക്‌സിൻ നൽകാനും കേരളത്തിന്‌ കഴിഞ്ഞതായി റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിക്കുന്നതുപോലെ പ്രധാനമാണ് ഓക്‌‌സിജൻ പാഴാകുന്നത് തടയുന്നതും. ഓക്‌സിജൻ സംഭരണം ഉറപ്പാക്കാൻ കേരളം ചെയ്തതു പോലെ മാനവവിഭവ ശേഷി വർധിപ്പിക്കാൻ ആഗോളതലത്തിൽ നടപടി വേണം. ആരോഗ്യ മേഖലയിലുള്ളവരെ ഓക്‌സിജൻ തെറാപ്പിയിലും ഓക്‌സിജന്റെ കൃത്യമായ ഉപയോഗത്തിലും പരിശീലനം നൽകിയാണ്‌ കേരളം ഈ നേട്ടം കൈവരിച്ചതെന്നും ലോകാരോഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe