ക്യൂബയിൽ ചാരപ്രവർത്തനത്തിനായി ചൈനയുടെ നിരീക്ഷണ കേന്ദ്രമുണ്ടെന്ന് അമേരിക്ക, തിരിച്ചടിച്ച് ക്യൂബ

news image
Jun 12, 2023, 2:56 pm GMT+0000 payyolionline.in

വാഷിംഗ്ടൺ: കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ മറ്റുരാജ്യങ്ങളെ, പ്രധാനമായി അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവർത്തനത്തിനുമായി ചൈന‌യുടെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നതായി യുഎസ് ഇന്റലിജന്റ്സ് വിഭാ​ഗം. ക്യൂബയിലെ നിരീക്ഷണ കേന്ദ്രം 2019 ൽ ചൈന വികസിപ്പിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപിൽ ചാരപ്രവർത്തനത്തിനായി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ചൈന പദ്ധതിയിടുന്നതായി യുഎസ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അമേരിക്കയുടെ ആരോപണത്തെ ക്യൂബ നിഷേധിച്ചു.

തങ്ങളുടെ മണ്ണിൽ ചൈനയു‌ടെ നിരീക്ഷണ കേന്ദ്രമില്ലെന്നും അമേരിക്കയു‌ടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്യൂബ തിരിച്ചടിച്ചു. 2021 ജനുവരിയിൽ പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റപ്പോൾ തന്നെ ചൈന ലോകമെമ്പാടും അവരുടെ വിദേശ ലോജിസ്റ്റിക്‌സ്, ബേസിംഗ്, കളക്ഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു. അങ്ങനെയാണ് ക്യൂബയിലെ വിവരങ്ങളും അറിയിക്കുന്നത്. 2019ൽ തന്നെ ക്യൂബയിൽ ചൈന രഹസ്യാന്വേഷണ ശേഖരണത്തിനായി സംവിധാനങ്ങൾ ഒരുക്കിയിരുന്നെന്നും യുഎസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ആരോപണത്തിനെതിരെ രൂക്ഷമായാണ് ക്യാബ പ്രതികരിച്ചത്. അമേരിക്ക അപകീർത്തികരമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മാധ്യമങ്ങൾ പ്രോത്സാഹനം നൽകുകയാണെന്നും ആരോപണത്തിന് തെളിവ് നൽകണമെന്നും ക്യൂബൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാർലോസ് ഫെർണാണ്ടസ് ഡി കോസിയോ ട്വിറ്ററിൽ പറഞ്ഞു.

ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെതിരെ ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ലോകമെമ്പാടും ചൈനയുടെ സുരക്ഷാ സാന്നിധ്യം വിപുലീകരിക്കാൻ പ്രസിഡന്റ് ഷി ജിൻപിങ് നിർദേശിച്ച സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് വന്നത്. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്ത ആഴ്ച ചൈനയിൽ സന്ദർശനത്തിന് പുറപ്പെടും. യുഎസിലൂടെ ചൈനയുടെ നിരീക്ഷണ ബലൂൺ കടന്നുപോയതിനെ തുടർന്ന് മാറ്റിവെച്ച പര്യടമാണ് ബ്ലിങ്കൺ വീണ്ടും നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe